ADVERTISEMENT

ന്യൂഡൽഹി ∙ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ഉദ്യോഗത്തിനും 10% സംവരണം അനുവദിച്ചുള്ള 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ (3–2) ശരിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ 3 പേർ ഭേദഗതിയെ പൂർണമായി അനുകൂലിച്ചു; പട്ടിക വിഭാഗങ്ങളെയും ഇതര പിന്നാക്ക വിഭാഗങ്ങളെയും ഒഴിവാക്കിയുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നു ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെടെ 2 പേർ വിധിച്ചു. 

ജഡ്ജിമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി, ജെ.ബി.പർദിവാല എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. മൂവരും വെവ്വേറെ വിധിന്യായങ്ങളെഴുതി. ഭരണഘടനാ ഭേദഗതി റദ്ദാക്കി ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ വിധിന്യായത്തോട് ചീഫ് ജസ്റ്റിസ് ലളിതും യോജിച്ചു. ചീഫ് ജസ്റ്റിസ് ലളിതിന്റെ അവസാന പ്രവൃത്തിദിവസത്തിൽ അദ്ദേഹം ഭരണഘടനാ ബെഞ്ചിൽ വിയോജനവിധിക്കൊപ്പമായത് ശ്രദ്ധേയമായി.

സാമ്പത്തിക നീതിയും തുല്യതയും അർഥവത്തായ രീതിയിൽ നടപ്പാക്കാനുള്ള ശ്രമമാണ് ഭേദഗതിയെന്ന് ഭൂരിപക്ഷം ജഡ്ജിമാരും വിലയിരുത്തി. സംവരണത്തിൽ മേൽത്തട്ടുകാരെ ഒഴിവാക്കുന്നതുപോലെ, സാമ്പത്തികമായി പിന്നാക്കമുള്ള മുന്നാക്കക്കാരെ ഉൾപ്പെടുത്തുന്നതും ന്യായമായ വർഗീകരണമാണെന്നും ഇവർ വ്യക്തമാക്കി. 

പട്ടിക, ഇതര പിന്നാക്ക വിഭാഗങ്ങളിലാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ കൂടുതലെന്നും അവരെ ഒഴിവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു വിരുദ്ധമാണെന്നും ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി. വ്യക്തികളുടെ പിന്നാക്കാവസ്ഥയാണ് സാമ്പത്തിക സംവരണത്തിനു മാനദണ്ഡമാക്കിയിരിക്കുന്നത്. എന്നാൽ, സംവരണമുള്ള വിഭാഗങ്ങളിലെ വ്യക്തികൾക്ക് അതിന് അർഹതയില്ലെന്നും പറയുന്നു. ഇത് തുല്യതയുടെ തത്വത്തിനു വിരുദ്ധമാണ് – ജസ്റ്റിസ് ഭട്ട് വിശദീകരിച്ചു. 

മുന്നാക്ക സാമ്പത്തിക സംവരണത്തിനു വഴിയൊരുക്കി ഭരണഘടനയുടെ 15, 16 വകുപ്പുകളിൽ വരുത്തിയ ഭേദഗതി 2019 ജനുവരി 14നാണു പ്രാബല്യത്തിലായത്.  ഇതിനെതിരെ നാൽപതോളം ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്. കേരളത്തിൽനിന്ന് എസ്എൻഡിപിയും മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റുമുൾപ്പെടെ കക്ഷികളായിരുന്നു. 

സംവരണപരിധി 50% കടക്കാം

സാമ്പത്തികസ്ഥിതി മാത്രം മാനദണ്ഡമാക്കി സംവരണം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നു ബെഞ്ചിലെ എല്ലാവരും നിലപാടെടുത്തു. സംവരണം 50% എന്ന പരിധി കടക്കുന്നതിനെയും ആരും എതിർത്തില്ല. 

English Summary: Supreme Court to pronounce EWS quota verdict
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com