ADVERTISEMENT

ന്യൂഡൽഹി ∙ മുന്നാക്ക ജാതികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും 10% സംവരണം അനുവദിക്കുന്നതു ഭരണഘടനയിലെ സാമൂഹികനീതി സിദ്ധാന്തത്തിന് എതിരല്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തൽ ഇന്ത്യയിലെ സാമൂഹിക–രാഷ്ട്രീയ സംവാദത്തിൽ വൻ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. സാമൂഹികനീതി എന്ന ആശയത്തെ രാഷ്ടീയനേതൃത്വവും നീതിന്യായവ്യവസ്ഥയും അക്കാദമിക് ലോകവും സമീപിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഈ വിധിന്യായം മാറ്റം വരുത്തിയേക്കാം.

സോഷ്യൽ ജസ്റ്റിസ് അഥവാ സാമൂഹികനീതി എന്നത് വർഗാടിസ്ഥാനത്തിലുള്ള ഒന്നായാണ് ഇന്ത്യൻ സാമൂഹിക–രാഷ്ട്രീയ സംവാദങ്ങളിൽ ഇതുവരെ കരുതിയിരുന്നത്. നീതിന്യായ സംവാദങ്ങളിലും ഈ കാഴ്ചപ്പാടു നിഴലിച്ചിരുന്നു. ഒരു ജാതിയിലോ വർഗത്തിലോ ജനിച്ചുപോയ എല്ലാ വ്യക്തികളും സാമൂഹികനീതി നിഷേധിക്കപ്പെട്ടിരുന്നവരായിരുന്നു ആ കാഴ്ചപ്പാടിൽ. ചുരുക്കത്തിൽ വ്യക്തിയായിരുന്നില്ല, സമുദായമായിരുന്നു സംവാദങ്ങളിലെ കേന്ദ്രബിന്ദു.

മുന്നാക്ക ജാതികളിലെ ദരിദ്രർക്കു സംവരണം ഏർപ്പെടുത്തുന്നതോടെ അവയിലെ കേന്ദ്രബിന്ദു വ്യക്തി ആവുകയാണ്. സമുദായത്തിനു പൂർണമായി ഇതിൽ സംവരണം നൽകുന്നില്ല, ചില സമുദായങ്ങളിലെ ദരിദ്രരായി കണ്ടെത്തപ്പെടുന്ന ഏതാനും വ്യക്തികൾക്കു മാത്രമാണു സംവരണത്തിന്റെ ആനുകൂല്യം. 

സാമൂഹികനീതിയോടുള്ള സമീപനത്തിൽ ഇതാദ്യമായാണ് സമുദായത്തെ മാറ്റി വ്യക്തി കേന്ദ്രസ്ഥാനത്തെത്തുന്നത്. 3 പതിറ്റാണ്ടു മുൻപ് മണ്ഡൽ സംവരണം ഏർപ്പെടുത്തിയതോടൊപ്പം പിന്നാക്ക ജാതികളിലെ മുന്നാക്കക്കാരെ (ക്രീമിലെയർ) സംവരണാനുകൂല്യത്തിൽനിന്ന് ഒഴിവാക്കിയത് ഈ മാറ്റത്തിലേക്കുള്ള ആദ്യചുവടുവയ്പായി കണക്കാക്കാം. സാമൂഹികനീതിക്ക് അർഹരായി തിരഞ്ഞെടുക്കപ്പെട്ട സമുദായങ്ങൾക്കുള്ളിലെ ഏതാനും വ്യക്തികളെ ആ അർഹതയിൽ നിന്ന് അന്ന് എടുത്തുമാറ്റുകയായിരുന്നു. 

ഭരണഘടനയിലെ അടിസ്ഥാനപരമായ ചില സിദ്ധാന്തങ്ങളെ വ്യഖ്യാനിക്കുന്നതിലും ഈ വിധിന്യായം മാറ്റങ്ങളുണ്ടാക്കിയേക്കാം. സംവരണപരിധി 50 ശതമാനത്തിലധികമാകാൻ പാടില്ലെന്ന സിദ്ധാന്തം സാമുദായികാടിസ്ഥാനത്തിലുള്ള സംവരണത്തിനു മാത്രമാണെന്നു പുതിയൊരു വാദവും ഇതോടെ ഉയരാവുന്നതാണ്. അതായത്, വ്യക്ത്യാധിഷ്ഠിത സംവരണത്തിന് 50% പരിധി ഇല്ലെന്നും വാദമുയരാം.

ഒപ്പം സംവരണ സിദ്ധാന്തം കാലാനുസൃതമായുള്ള പരിശോധനയ്ക്കും പുനർവിചാരത്തിനും വിധേയമാക്കണമെന്ന ഭരണഘടനാനിർമാണ സഭയുടെ താത്പര്യം ഒരു തരത്തിൽ ഇവിടെ അംഗീകരിക്കുകയുമാണ്. മുന്നാക്ക ജാതികളിൽ നിന്ന് സംവരണത്തിലൂടെ സാമൂഹിക–സാമ്പത്തിക പുരോഗതി നേടിയെടുത്തവരുടെ പിൻഗാമികൾക്ക് ആനുകൂല്യം ലഭിക്കില്ല. അതായത്, സംവരണത്തിലൂടെ സാമൂഹിക–സാമ്പത്തിക ഉയർച്ച ലഭിച്ചവർ സംവരണ പരിധിയിൽനിന്ന് പുറത്തു പോകണമെന്ന വാദം ഇവിടെ ഭാഗികമായി അംഗീകരിക്കുന്നു.

Content Highlight: Upper Caste Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com