കണ്ടുശീലിക്കാത്തൊരു ‘പാർട്ടി!’; ജനങ്ങളുടെ തോളിൽ കയ്യിട്ട് ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി
Mail This Article
ഒറ്റനോട്ടത്തിൽ ഇസുധൻ ഗഢ്‌വി രാഷ്ട്രീയക്കാരനല്ല; രൂപത്തിലും ഭാവത്തിലും തനി ഗ്രാമീണൻ; വേഷത്തിൽ സാധാരണക്കാരൻ. ബിജെപിയുടെ ഉരുക്കുകോട്ടയായ ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി അദ്ദേഹത്തെ ആം ആദ്മി പാർട്ടി തീരുമാനിച്ചതും അതുകൊണ്ടു തന്നെ. ‘നിങ്ങളിലൊരാൾ ഗഢ്‌വി. സാധാരണ ജനങ്ങളുടെ (ആം ആദ്മി) നേതാവ്. നിങ്ങളുടെ ഭാവി മുഖ്യമന്ത്രി’– ദ്വാരക ജില്ലയിലെ ഖംബാലിയ മണ്ഡലത്തിൽ ആം ആദ്മിക്കാരുടെ മുദ്രാവാക്യത്തിനൊപ്പം നടന്നുനീങ്ങുകയാണ് അദ്ദേഹം.
ഗ്രാമവാസികളുടെ തോളിൽ കയ്യിട്ട്, അവർക്കൊപ്പം ചായ കുടിച്ച്, അവരുടെ ആവശ്യങ്ങൾ ക്ഷമയോടെ കേട്ട്, പ്രായമായവരുടെ കാൽതൊട്ടു വണങ്ങി നീങ്ങുന്ന നേതാവ് ഇവിടത്തുകാർക്ക് പുതിയ കാഴ്ചയാണ്. വാഹനങ്ങളുടെ വലിയ നിരയുടെ അകമ്പടിയിൽ ചീറിപ്പായുന്ന നേതാക്കളെ കണ്ടു ശീലിച്ച ഗ്രാമം ഗഢ്‌വിയെ നോക്കി പറയുന്നു; ഈ പാർട്ടി കൊള്ളാം!
ചാനൽ വാർത്താ അവതാരകനായിരുന്ന ഗഢ്‌വി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ക്ഷണപ്രകാരം 2021 ജൂണിലാണ് ജോലി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. കോവിഡ് വേളയിൽ ഓക്സിജൻ ലഭിക്കാതെ ജനം വലഞ്ഞതും കർഷക ദുരിതവുമടക്കമുള്ള വാർത്തകളിലൂടെ ഗുജറാത്തിലുടനീളം പേരു നേടിയ ഗഢ്‌വിയെ പിന്നാലെ ആം ആദ്മി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയാക്കി. മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന് ചോദിച്ചു പാർട്ടി നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ 73% പേർ അദ്ദേഹത്തെ പിന്തുണച്ചു.
കഴിഞ്ഞ തവണ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ച സൗരാഷ്ട്രയിൽനിന്നുള്ള ഗഢ്‌വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയത്, ആ മേഖലയിൽ പിടിമുറുക്കാനുള്ള ആം ആദ്മിയുടെ ശ്രമങ്ങളുടെ സൂചനയാണ്. ഗുജറാത്തിൽ ശക്തമായ സംഘടനാ സംവിധാനമുള്ള ബിജെപിയെ മലർത്തിയടിക്കാനുള്ള കരുത്തില്ലെന്നു വിലയിരുത്തുന്ന ആം ആദ്മി, തങ്ങളുടെ ആദ്യ എതിരാളിയായി കോൺഗ്രസിനെ കാണുന്നു.
2017 ൽ പതിനായിരത്തിലധികം വോട്ടിനു കോൺഗ്രസ് ജയിച്ച മണ്ഡലം പിടിച്ചെടുക്കുക ഗഢ്‌വിക്ക് എളുപ്പമല്ല. ഡൽഹി മോഡൽ ഭരണത്തിന്റെ പേരിൽ നഗര മേഖലകളിൽ തങ്ങൾക്കു പിന്തുണ ലഭിക്കുമെന്ന് കണക്കുകൂട്ടുന്ന ആം ആദ്മി, ഗ്രാമീണ മേഖലകളിൽ ചുവടുറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇതര പിന്നാക്ക വിഭാഗക്കാരനായ ഗഢ്‌വിയെ ഉയർത്തിക്കാട്ടുന്നത്.
പ്രചാരണത്തിനിടെ ഇസുധൻ ഗഢ്‌വി ‘മനോരമ’യോടു സംസാരിച്ചു:
∙ ഇക്കുറി ഗുജറാത്തിലുടനീളം ആം ആദ്മി മത്സരിക്കുന്നു. പാർട്ടിയുടെ പ്രതീക്ഷ എങ്ങനെ?
ഗുജറാത്തിൽ മാറ്റം വരാൻ പോകുന്നു. എന്റെ മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ആം ആദ്മിക്കു വലിയ സ്വീകാര്യതയുണ്ട്. ഞങ്ങൾ ആത്മവിശ്വാസത്തിലാണ്.
∙ ശക്തമായ സംഘടനാ സംവിധാനമുള്ള ബിജെപിയെയും പതിറ്റാണ്ടുകളായി സംസ്ഥാനത്തുള്ള കോൺഗ്രസിനെയും നേരിടുക എളുപ്പമാണോ?
27 വർഷത്തെ ബിജെപി ഭരണത്തിൽ ജനം നിരാശരാണ്. ബിജെപിക്കെതിരായ വികാരം എല്ലായിടത്തുമുണ്ട്. കോൺഗ്രസിലും ജനങ്ങൾക്കു പ്രതീക്ഷയില്ല. ആം ആദ്മി പാർട്ടി മാത്രമാണ് അവർക്കു മുന്നിലുള്ള രക്ഷാവഴി.
∙ സമുദായ, ജാതി രാഷ്ട്രീയത്തിനു നിർണായക സ്വാധീനമുള്ള തിരഞ്ഞെടുപ്പാണു ഗുജറാത്തിലേത്. ഇതിൽ ആം ആദ്മി എവിടെ നിൽക്കുന്നു?
സമുദായ, ജാതി വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം ആളുകളുടെയും വോട്ട് ആം ആദ്മിക്കു ലഭിക്കും. പ്രവർത്തനം നോക്കിയാണ് ജനം വോട്ട് ചെയ്യുക. ഡൽഹിയിലെയും പഞ്ചാബിലെയും ഭരണം നോക്കൂ. ആം ആദ്മി വരുന്നതോടെ എല്ലാവർക്കും സൗജന്യ വൈദ്യുതി ലഭ്യമാക്കും. കർഷകരുടെ വായ്പ എഴുതിത്തള്ളും.
∙ ത്രികോണ പോരാട്ടത്തിൽ പ്രധാന മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന് ഇരു പാർട്ടികളും പറയുന്നു.
അതു ശരിയല്ല. ഗുജറാത്തിൽ കോൺഗ്രസ് പൂർണമായി ഇല്ലാതായിക്കഴിഞ്ഞു. ബിജെപിയും ദുർബലാവസ്ഥയിലാണ്.
Content Highlights: Gujarat Assembly Election 2022, AAP, Isudan Gadhvi