മലയാളത്തിൽ ഒരു വോട്ട്!; പട്ടേൽ പോരാട്ടഭൂമിയിൽ മലയാളം പറഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി
Mail This Article
കേരളത്തിൽനിന്നാണു വരുന്നതെന്ന് അറിയിച്ചപ്പോൾ ചെറുചിരിയോടെ പരേഷ് ധനാനി ചോദിച്ചു – ‘സഹോദരീ സഹോദരൻമാരെ നമസ്കാരം, എനിക്കു വോട്ട് ചെയ്യണം. നന്ദി. ഇങ്ങനെയല്ലേ നിങ്ങളുടെ നാട്ടിൽ വോട്ട് പിടിക്കുന്നത്?’ ഗുജറാത്തിലെ ഗ്രാമീണ മേഖലയായ അംറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ നാവിൽ നിന്ന് മലയാളം വരുന്നത് കേട്ടപ്പോൾ ഞെട്ടി. യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കേരളത്തിലെ നേതാക്കളിൽ നിന്നു പഠിച്ചെടുത്ത മലയാള വാചകങ്ങൾ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ധനാനി മറന്നിട്ടില്ല. കേരളത്തിലെ നേതാക്കളിൽ പി.സി.വിഷ്ണുനാഥും ജെബി മേത്തറും അടുത്ത സുഹൃത്തുക്കൾ.
2017 ൽ പട്ടേൽ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായിരുന്ന അംറേലിയിൽ ഉശിരൻ പോരാട്ടമാണ് ഇക്കുറി. നിയമസഭയിലെ തീപ്പൊരി നേതാവായ ധനാനിയെ മുട്ടുകുത്തിക്കാൻ കച്ചമുറുക്കിയാണു ബിജെപി രംഗത്തുള്ളത്. ആം ആദ്മി പാർട്ടിക്ക് കാര്യമായ വേരോട്ടമില്ലെങ്കിലും ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ അവർക്കു സാധിക്കും. ആം ആദ്മി കൂടുതൽ മുറിവേൽപിക്കുക കോൺഗ്രസിനെയാകുമെന്നു ബിജെപി കണക്കുകൂട്ടുന്നു. 3 പാർട്ടികളും പട്ടേൽ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ 55% പട്ടേലുകളാണ്.
2002, 12, 17 തിരഞ്ഞെടുപ്പുകളിൽ ഇവിടെ നിന്നു ജയിച്ച ധനാനിക്കു കോൺഗ്രസ് നേതാവ് എന്ന മേൽവിലാസത്തേക്കാൾ വ്യക്തിപരമായ പ്രതിഛായ ആണു മുതൽക്കൂട്ട്. അംറേലി ഉൾപ്പെട്ട സൗരാഷ്ട്ര മേഖലയിൽ കഴിഞ്ഞ തവണ ബിജെപിയോടുണ്ടായിരുന്ന എതിർപ്പ് പട്ടേൽ സമുദായത്തിന് ഇക്കുറിയില്ലെങ്കിലും ധനാനിയുടെ വ്യക്തിപ്രഭാവത്തിനു വോട്ട് ലഭിക്കുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
കോവിഡ് വേളയിൽ ദുരിതമനുഭവിച്ചവർക്ക് ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും എത്തിക്കാൻ ഗ്രാമത്തിലുടനീളം ഓടിനടന്ന ധനാനിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കോൺഗ്രസ് വോട്ട് തേടുന്നത്. ധനാനിയെ വീഴ്ത്തിയാൽ സൗരാഷ്ട്ര മേഖലയിൽ പട്ടേൽ സമുദായം പൂർണമായി തങ്ങൾക്കൊപ്പമായി എന്ന അവകാശവാദമുന്നയിക്കാൻ ബിജെപിക്കു സാധിക്കും. സൗരാഷ്ട്രയിൽ കഴിഞ്ഞ തവണ കൈവിട്ട പ്രതാപം ബിജെപി വീണ്ടെടുത്തതിന്റെ സൂചന കൂടിയാവും അത്.
English Summary: Malayalam Speaking Congress candidate Paresh Dhanani