ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി ഭയന്നതു തന്നെ ഹിമാചൽപ്രദേശിൽ സംഭവിച്ചു. പാർട്ടി ദേശീയ അധ്യക്ഷന്റെ മണ്ണ് കൈവിട്ടുപോയി. ഹിമാചൽ നിലനിർത്താൻ നടത്തിയ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. കോൺഗ്രസിനാകട്ടെ ദേശീയതലത്തിൽ ആശ്വാസമേകുന്ന ജയമാണ് ഹിമാചൽ സമ്മാനിച്ചത്. കോൺഗ്രസിന് പൊതുവേ അടിത്തറയുള്ള മണ്ണിൽ, ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാതെ നേതാക്കൾ കടമ നിറവേറ്റിയതോടെ വിജയം കൈപ്പിടിയിലൊതുങ്ങി.

വിജയത്തിലേക്കുള്ള വഴി

പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം പോലെ ജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളിലേക്കു പ്രചാരണം കേന്ദ്രീകരിച്ചതു കോൺഗ്രസിനു ഗുണമായി. സർക്കാർ ജീവനക്കാരും പെൻഷൻകാരുമായ നാലരലക്ഷത്തോളം പേരെയും അവരുടെ കുടുംബങ്ങളെയും ഒപ്പം നിർത്താൻ കോൺഗ്രസിനു സാധിച്ചു. തനിക്കു വേണ്ടിയാണ് വോട്ട് ചെയ്യേണ്ടതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏശാതെ പോയത് അങ്ങനെയാണ്.

പ്രാദേശിക വിഷയങ്ങൾ വോട്ടർമാർ ഗൗരവമായി പരിഗണിച്ചു. ആപ്പിൾ കർഷകരുടെ സ്വാധീനമേഖലയിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയത് ഇതിനു തെളിവാണ്. ആപ്പിളിന്റെ താങ്ങുവില പ്രശ്നം മുതൽ ജിഎസ്ടി മൂലമുള്ള ചെലവ് വരെ ആപ്പിൾ കർഷകരുടെ എതിർപ്പു പ്രകടമായിരുന്നു. കഴിഞ്ഞ വർഷത്തെ ഉപതിരഞ്ഞെടുപ്പു വിജയങ്ങൾ നൽകിയ ആത്മവിശ്വാസവും പാർട്ടി ഘടകങ്ങളെ ഉണർത്തി. 

കോൺഗ്രസിനെ കാത്ത കാംഗ്ര

ഹിമാചലിലെ കാംഗ്ര മേഖലയിൽ നേട്ടമുണ്ടാക്കുന്നവർ സംസ്ഥാനം ഭരിക്കുമെന്ന വിശ്വാസം ഇക്കുറിയും തെറ്റിയില്ല. ഇവിടത്തെ 15 സീറ്റുകളിൽ 10 എണ്ണം കോൺഗ്രസ് നേടിയപ്പോൾ 4 എണ്ണം ബിജെപിയും ഒരെണ്ണം ബിജെപി വിമതനും നേടി. 2017 ൽ കാംഗ്രയിലെ 11 സീറ്റുകൾ ബിജെപിക്കായിരുന്നു. പൊതുവേ ബിജെപിയുടെ സ്വാധീനമേഖലയാണ് കാംഗ്രയും ഹാമിർപുരും ബിലാസ്പുരും ഉൾപ്പെടുന്ന ലോവർ ഹിമാചൽ. ഇവിടെ അധികനേട്ടമുണ്ടാക്കിയതിനു പുറമേ, പരമ്പരാഗതമായി പിന്തുണയ്ക്കുന്ന അപ്പർ ഹിമാചലിലും (കുളു, മണ്ഡി, ഷിംല തുടങ്ങിയവ) കോൺഗ്രസ് പ്രകടനം മോശമാക്കിയില്ല. പാർട്ടി മുഖമായി ഒരാളെ അവതരിപ്പിക്കാതെ അതതു മേഖലകളിൽ സ്വാധീനമുള്ള നേതാക്കളെ ഉയർത്തിക്കാട്ടിയ തന്ത്രവും വിജയിച്ചു. ഏകോപന ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും കാംഗ്രയിൽ കേന്ദ്രീകരിച്ചതും നേട്ടമായി.

അടിതെറ്റി നഡ്ഡയും ജയ്റാമും

മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന് 38,183 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് സെറാജ് മണ്ഡലം വിജയിപ്പിച്ചത്. എന്നാൽ, തോൽവിയുടെ ഭാരം ജയ്റാം ഠാക്കൂറിൽ നിൽക്കില്ല. സ്വന്തം സംസ്ഥാനത്തു ക്യാംപ് ചെയ്തു പ്രചാരണം നിയന്ത്രിച്ച ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും ഇതു തിരിച്ചടിയാണ്. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാന ബിജെപിയിൽ രൂപംകൊണ്ട പുതിയ അച്ചുതണ്ട്, കൂറുമാറിയെത്തിയവരെ കൈനീട്ടി സ്വീകരിച്ചു സീറ്റു നൽകിയതു വഴി വിമതരെ സൃഷ്ടിച്ചു. ബിജെപിയിൽ നിന്നു മാത്രം 21 വിമതരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

English Summary: BJP defeat in Himachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com