ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളെ അവഗണിച്ച് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള നീക്കം കോൺഗ്രസിനു തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. അടുത്ത വർഷം നടക്കുന്ന കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാട്ടം ബിജെപിയും കോൺഗ്രസും നേർക്കുനേർ ആണെങ്കിലും ഗുജറാത്തിലേതു പോലെ ആം ആദ്മി പാർട്ടി കളത്തിലിറങ്ങിയാൽ അത് ഏറ്റവുമധികം ബാധിക്കുക കോൺഗ്രസിനെയായിരിക്കും. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ മുൻകൂട്ടി തയാറാക്കാൻ പാർട്ടി ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങൾക്കു നിർദേശം നൽകും. 

ഗുജറാത്തിൽ പയറ്റിയ നിശ്ശബ്ദ പ്രചാരണം എന്ന പരീക്ഷണം ഇനി ആവർത്തിക്കില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളും അണിനിരത്തി പോരാടിയാൽ മാത്രമേ സംസ്ഥാനങ്ങളിൽ ബിജെപിയെയും ആം ആദ്മി പാർട്ടിയെയും നേരിടാൻ സാധിക്കൂവെന്നാണ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വേണ്ട പരിഗണന നൽകിയില്ലെങ്കിൽ ഗുജറാത്ത് ആവർത്തിക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. 

അതേസമയം, ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ മാത്രമേ നരേന്ദ്ര മോദിയുടെ പ്രതിഛായ വോട്ടാക്കി മാറ്റാൻ ബിജെപിക്കു സാധിക്കൂവെന്നാണു കോൺഗ്രസിന്റെ നിഗമനം. രാജ്യത്തുടനീളം മോദി പ്രഭാവമുണ്ടെന്ന വാദം തെറ്റാണെന്നു ഹിമാചലിലെ ഫലം ചൂണ്ടിക്കാട്ടി കോൺഗ്രസ് പറയുന്നു. കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവ ഗുജറാത്ത് പോലെ പ്രതിഛായ കൊണ്ട് സ്വാധീനിക്കാൻ മോദിക്കു കഴിയുന്ന സംസ്ഥാനങ്ങളല്ലെന്നും കണക്കുകൂട്ടുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം താഴേത്തട്ടിൽ മികച്ച സംഘടനാസംവിധാനമുള്ളത് നേട്ടമായി കോൺഗ്രസ് കരുതുന്നു. 

ഭരണത്തിലേറാൻ ഏറ്റവുമധികം സാധ്യത കോൺഗ്രസ് കാണുന്ന കർണാടകയിലേക്ക് ആം ആദ്മി പാർട്ടിയും രംഗപ്രവേശം ചെയ്തേക്കുമെന്നാണു സൂചന. ഗുജറാത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത് കർണാടകയിലും ആവർത്തിച്ചാൽ‌ കോൺഗ്രസിനു തിരിച്ചടിയാകും. 

ബിജെപിയിലെ ഉൾപ്പോരിന്റെ കൂടി ആനുകൂല്യത്തിലാണു ഹിമാചലിൽ കോൺഗ്രസ് വിജയം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 3 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമായ ഉൾപ്പോര് നേരിടുന്നുണ്ട്. കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മന്ത്രി ടി.എസ്.സിങ്ദേവും തമ്മിലുള്ള അധികാര വടംവലി പാർട്ടിക്ക് വെല്ലുവിളിയാണ്. 

ഗുജറാത്തിൽ തോറ്റ ഓരോ മണ്ഡലത്തിലെയും സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻ‍ഡ് ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ബിജെപിയെ സഹായിച്ചുവെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. 

English Summary: Congress to restrategise for coming elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com