നേരിയ വോട്ടിന് ഫലം മാറിയത് 5 മണ്ഡലങ്ങളിൽ
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഹിമാചൽപ്രദേശിൽ 5 മണ്ഡലങ്ങളിൽ ഫലം മാറിമറിഞ്ഞത് അഞ്ഞൂറിൽ താഴെ വോട്ടുകൾക്ക്. ഇതിൽ 3 മണ്ഡലങ്ങളിലും വിജയം കോൺഗ്രസിന്. ബോറഞ്ച് മണ്ഡലത്തിൽ 60 വോട്ടുകൾക്കു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സുരേഷ് കുമാറിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. കോൺഗ്രസിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം റോഹ്രു മണ്ഡലത്തിൽ മത്സരിച്ച മോഹൻലാൽ ബ്രക്ടയ്ക്കാണ്–19,339 വോട്ട്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം – 38183 വോട്ട്.
വിമതരായി മത്സരിച്ചു വിജയിച്ച ആശിഷ് ശർമ (ഹാമിർപുർ, 12,899 വോട്ട്), കെ.എൽ. ഠാക്കൂർ (നലാഗഡ്, 13,264 വോട്ട്) എന്നിവർക്കും ഉയർന്ന ഭൂരിപക്ഷം കിട്ടിയതു കൗതുകമായി. കോൺഗ്രസിലെ ചൈതന്യ ശർമ (ഗഗ്രെറ്റ്), ആർ.എസ്.ബാലി (നഗ്രോട) എന്നിവർക്കും പതിനയ്യായിരത്തിലധികം ഭൂരിപക്ഷം ലഭിച്ചു. അതേസമയം, 15 മണ്ഡലങ്ങളിൽ വിജയിച്ചവരുടെ ഭൂരിപക്ഷം രണ്ടായിരത്തിൽ താഴെയാണ്.
സീറ്റെണ്ണത്തിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും ഇരു പാർട്ടികൾക്കുമിടയിലെ വോട്ടുവ്യത്യാസം 0.9% മാത്രമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 27% ആയി കുറഞ്ഞതൊഴിച്ചാൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികൾക്കും 40% വോട്ട് എന്ന പതിവ് ഇക്കുറിയും തെറ്റിയില്ല.
ജയിച്ച പ്രമുഖർ
∙ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ (ബിജെപി, സെറാജ്)
∙ സുഖ്‍വിന്ദർ സിങ് സുഖു (കോൺഗ്രസ് പ്രചാരണകമ്മിറ്റി അധ്യക്ഷൻ, നദൗൻ)
∙ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി (കോൺഗ്രസ്, ഹരോളി)
∙ സുധീർ ശർമ (മുൻ മന്ത്രി, എഐസിസി സെക്രട്ടറി, ധരംശാല)
തോറ്റ പ്രമുഖർ
∙ സുരേഷ് ഭരദ്വാജ് (ബിജെപി, നഗരവികസന മന്ത്രി, കസുംടി)
∙ ഗോവിന്ദ് സിങ് ഠാക്കൂർ (വിദ്യാഭ്യാസ മന്ത്രി, മണാലി)
∙ റാം ലാൽ മാർകണ്ഡ (ആദിവാസിക്ഷേമ മന്ത്രി, ലഹൗൽ–സ്പിതി)
∙ സർവീൻ ചൗധരി (സാമൂഹിക നീതി മന്ത്രി, ഷാഹ്പുർ)
English Summary: Narrow winning margin in 5 constituencies in Himachal Pradesh