ADVERTISEMENT

ന്യൂഡൽഹി∙ സംഘടനാതലത്തിൽ കോൺഗ്രസ് നടപ്പാക്കിയ ഏറ്റവും വലിയ യജ്ഞമായ ഭാരത് ജോഡോ പദയാത്ര നാളെ നൂറാം ദിനത്തിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച യാത്ര കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ പിന്നിട്ട് നിലവിൽ രാജസ്ഥാനിലെ ദൗസയിലാണ്. പദയാത്ര ഇതുവരെ 42 ജില്ലകളിലായി 2798 കിലോമീറ്റർ പിന്നിട്ടു. ഇനി ബാക്കിയുള്ളത് 772 കിലോമീറ്റർ. യുപി, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു വഴി ജനുവരി 26നു ശ്രീനഗറിൽ സമാപിക്കും.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)

താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യാത്രയുടെ അണിയറക്കാഴ്ചകളിലൂടെ:

∙ പകൽ നടത്തം, രാത്രി തയ്ക്വാണ്ടോ

കിലോമീറ്ററുകൾ നടന്ന ശേഷം രാത്രി ഉറങ്ങുന്നതിനു മുൻപ് രാഹുലിനൊരു പതിവുണ്ട് – ആയോധന കലയായ തയ്ക്വാണ്ടോ പരിശീലനം! താമസത്തിനായി ഒരുക്കിയിട്ടുള്ള കണ്ടെയ്നറുകളിലൊന്നിലാണ് ഒരു മണിക്കൂറോളം നീളുന്ന പരിശീലനം. തയ്ക്വാണ്ടോ പരിശീലകരായ 2 പേർ രാഹുലിനൊപ്പമുണ്ട്. ഇവരും ഭാരത് യാത്രി സംഘത്തിന്റെ ഭാഗമായി പദയാത്രയിലുടനീളം നടക്കുകയാണ്.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)

∙ ലോകകപ്പാണ്, കളി കാണണം

യാത്രയുടെ ഏകോപനച്ചുമതലയുള്ള ദിഗ്‌വിജയ് സിങ്ങിനെ ലോകകപ്പ് ഫുട്ബോൾ ആരംഭിച്ചതിനു പിന്നാലെ ഏതാനും യാത്രികർ സമീപിച്ചു. കളി കാണാൻ സംവിധാനമുണ്ടാക്കണം. രാഹുലും താൽപര്യമറിയിച്ചു. ഏതാനും ദിവസത്തിനകം ബിഗ് സ്ക്രീൻ സജ്ജമാക്കി. ലോകകപ്പ് കഴിയും വരെ യാത്രയ്ക്കൊപ്പം സ്ക്രീനും സഞ്ചരിക്കുകയാണ്. യാത്രികർ രാത്രിയില്‍ തങ്ങുന്ന മൈതാനത്ത് സ്ക്രീൻ സ്ഥാപിക്കും. മത്സരങ്ങൾ കാണാൻ മുൻനിരയിൽ രാഹുലുമുണ്ട്. സ്പെയിൻ – മൊറോക്കോ മത്സരത്തിനായിരുന്നു ഏറ്റവുമധികം കാണികൾ.

∙ ടീ ഷർട്ട് മാറും; നേതാവിനു മാറ്റമില്ല

നൂറിലധികമുള്ള യാത്രികരുടെ വസ്ത്രങ്ങൾ അലക്കാൻ പ്രത്യേക സംഘമുണ്ട്. അലക്ക് കഴിഞ്ഞ് പക്ഷേ, വസ്ത്രം തിരികെ ലഭിക്കുമ്പോൾ ചിലതു മാറിപ്പോകും. യാത്രയ്ക്കായി ഇവർക്ക് ടീ ഷർട്ടുകൾ പാർട്ടി നൽകിയിട്ടുണ്ട്. വെള്ള ടീ ഷർട്ട് മാറിപ്പോയാലും മാറ്റമില്ലാത്ത ഒന്നുണ്ട് – എല്ലാറ്റിലും രാഹുലിന്റെ ചിത്രമുണ്ട്. ടീ ഷർട്ട് മാറിയാലും നേതാവിനു മാറ്റമില്ല.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)

∙ വിശ്രമവേളകളിലെ ആനന്ദം

ആഴ്ചയിൽ ഒരു ദിവസം യാത്രയ്ക്ക് അവധിയാണ്. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്കായി അന്ന് യാത്രികർ മൈതാനത്തിറങ്ങും. രാഹുലിനിഷ്ടം ക്രിക്കറ്റ്. സർവകലാശാലാതലത്തിൽ വോളിബോൾ കളിച്ചിട്ടുള്ള സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വോളി കോർട്ടിലെ താരമാണ്. എല്ലാ ഇനങ്ങളിലും ആവേശത്തോടെ പങ്കെടുക്കുന്നയാളാണു ദിഗ്‍വിജയ് സിങ്.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)

∙ എല്ലാവർക്കും ചൂടുവെള്ളം

യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ യാത്രികർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ പിസിസി നേതാക്കൾ തമ്മിൽ മത്സരമാണ്. യാത്ര കർണാടകയിലേക്കു കടന്ന സമയം. ദിവസം ഒരുനേരമെങ്കിലും കുടിക്കാൻ ചൂടുവെള്ളം വേണമെന്ന് ആവശ്യമുയർന്നു. മലയാളിയായ ഭാരത് യാത്രി അനിൽ ബോസ് വിഷയം കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒരു ലീറ്ററിന്റെ ഏതാനും കെറ്റിലുകൾ വേണമെന്നായിരുന്നു ആവശ്യം. ആകെ എത്ര പേരുണ്ടെന്ന് ഡികെയുടെ ചോദ്യം. 230 എന്ന് മറുപടി. അടുത്ത ദിവസം 230 കെറ്റിലുകൾ എത്തി. ആദ്യ കെറ്റിൽ അനിലിനു നൽകി ‘ചൂടുവെള്ള പദ്ധതി’ ഡികെ ഉദ്ഘാടനം ചെയ്തു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)

∙ പുഴുങ്ങിയ മുട്ട കഴിക്കാം; കയ്യിൽ കരുതാം

രാവിലെ നാലിനു ദിഗ്‌വിജയ് സിങ്ങിന്റെ ‘ഗുഡ് മോർണിങ്’ വാട്സാപ് സന്ദേശത്തോടെയാണു ഭാരത് യാത്രിയുടെ ദിവസം ആരംഭിക്കുന്നത്. . 5.30നു പ്രഭാത ഭക്ഷണം – ദോശ, പുഴുങ്ങിയ മുട്ട. അതിരാവിലെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ള ചിലർ മുട്ട കയ്യിൽ കരുതും; വഴിയിൽ കഴിക്കാൻ. 6 – 9 വരെയാണു രാവിലെയുള്ള നടത്തം. നടപ്പു കഴിഞ്ഞെത്തുമ്പോൾ കഴിക്കാൻ പഴങ്ങൾ, കുടിക്കാൻ കട്ടൻചായ. ഉച്ചഭക്ഷണം ഒാരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കർണാടകയിലുടനീളം വെജിറ്റേറിയൻ ഭക്ഷണമായിരുന്നു. കേരളത്തിൽ വിവിധയിനം മീൻ, തെലങ്കാനയിൽ മട്ടൺ, മഹാരാഷ്ട്രയിൽ കൊഞ്ച്, മധ്യപ്രദേശിൽ ചിക്കൻ, മട്ടൺ എന്നിവയായിരുന്നു സ്പെഷൽ. 12.30ന് ഉച്ചഭക്ഷണത്തിനു ശേഷം അൽപനേരം മയക്കം. 3 മുതൽ രാത്രി 7.30 വരെ വീണ്ടും നടപ്പ്. ചപ്പാത്തി, വിവിധ കറികൾ എന്നിവയാണ് രാത്രിഭക്ഷണം. 11 മണിയോടെ ഉറക്കം. ഭക്ഷണം പാകം ചെയ്യുന്ന സംഘം യാത്രയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.

∙ സഞ്ചരിക്കുന്ന ആശുപത്രി

യാത്രയ്ക്കിടയിൽ വീണ് ഒട്ടേറെ നേതാക്കൾക്കു പരുക്കേറ്റു. തിക്കിലും തിരക്കിലുംപെട്ട് കാൽതെറ്റിയായിരുന്നു പലരുടെയും വീഴ്ച. കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ ഉൾപ്പെടെയുള്ളവർ വീണു. ഡോക്ടർമാരുടെ സംഘവും 2 ആംബുലൻസുകളും യാത്രയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. കണ്ടെയ്നറുകളിലൊന്ന് ആശുപത്രി മുറിയാണ്. കോൺഗ്രസ് ഇതുവരെ നടത്തിയിട്ടുള്ള എല്ലാ യാത്രകളിലും പങ്കെടുത്തിട്ടുള്ള തമിഴ്നാട് സ്വദേശി ഗണേശൻ എന്ന ‘യാത്രാ ഗണേശൻ’ പദയാത്രയ്ക്കിടെ വാഹനമിടിച്ചു മരിച്ചു.

Rahul Gandhi - Raghuram Rajan | Bharat Jodo Yatra (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)

ഒപ്പം നടന്ന് രഘുറാം രാജൻ

ഭാരത് ജോഡോ പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ ദൗസയിൽ ഇന്നലെ രാവിലെയാണ് അദ്ദേഹം രാഹുലിനൊപ്പം ചേർന്നത്. വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാൻ കൂടുതൽ ആളുകൾ കൈകോർക്കുകയാണെന്ന് ഇരുവരുടെയും ചിത്രം ട്വീറ്റ് ചെയ്ത് കോൺഗ്രസ് കുറിച്ചു.

English Summary: Bharat Jodo Yatra enters 100th day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com