ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആത്മാർഥമായ ചർച്ചയ്ക്കു തയാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. എന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെനൽകിയാൽ‍ മാത്രമേ ചർച്ച നടക്കുകയുള്ളുവെന്ന് ഷഹബാസിന്റെ ഓഫിസ് പിന്നീട് ഉപാധിവച്ചു. ഇന്ത്യ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

‘ഇന്ത്യയുമായുള്ള 3 യുദ്ധങ്ങളും കൂടുതൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണു നൽകിയത്. ഞങ്ങൾ പാഠം പഠിച്ചു; ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ താൽപര്യപ്പെടുന്നു’ – യുഎഇയിലെ അൽ അറേബ്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ചർച്ചയ്ക്കു വഴിയൊരുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് അഭ്യർഥിച്ചതായും അറിയിച്ചു. 

‘ഇന്ത്യൻ ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരം കശ്മീരികൾക്ക് അവശേഷിച്ചിരുന്ന സ്വയംഭരണാവകാശമാണ് 2019 ഓഗസ്റ്റിൽ പിൻവലിച്ചത്. ആ സ്ഥിതി മാറിയാൽ ഇന്ത്യ ചർച്ചയ്ക്കു താൽപര്യപ്പെടുന്നുവെന്ന് ആഗോളതലത്തിൽ സന്ദേശം പോകും; ഞങ്ങളും ചർച്ചയ്ക്കു തയാറാകും’ – ഷഹബാസ് പറഞ്ഞു. 

Read Also: ‘ആഗോള മാന്ദ്യം വന്നേക്കും; ഇന്ത്യയടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടം ഉണ്ടാക്കും’ 

‘ഇരുരാജ്യങ്ങൾക്കും എൻജിനീയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഈ ആസ്തികൾ അഭിവൃദ്ധിക്കും സമാധാനത്തിനും ഉപയോഗിച്ചാൽ ഇരു രാജ്യങ്ങളും വളരും. ബോംബുകൾക്കും മറ്റും പണം പാഴാക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നില്ല. ഞങ്ങൾ ആണവശക്തിയാണ്. യുദ്ധമുണ്ടായാൽ എന്തു സംഭവിച്ചെന്നു പറയാൻ ആര് അവശേഷിക്കും ? – അദ്ദേഹം ചോദിച്ചു.

ഈ പരാമർശങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) വിശദീകരണവുമായി രംഗത്തെത്തിയത്. ജമ്മു കശ്മീരിനു പ്രത്യേക പദവി തിരികെനൽകാതെ ചർച്ച സാധ്യമല്ലെന്നും നേരത്തേ പലതവണ ഇതു പറഞ്ഞിട്ടുള്ളതാണെന്നും അറിയിച്ചു. 

Read Also: ‘മൂന്നു കുഞ്ഞാകാം’ ഇളവിലും ജനസംഖ്യ ഉയരാതെ ചൈന; 60 വർഷത്തിൽ ഇതാദ്യം

പാക്കിസ്ഥാൻ‍ ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി ഒരു കാര്യം പറയുകയും അദ്ദേഹത്തിന്റെ ഓഫിസ് വിശദീകരണമിറക്കുകയും ചെയ്തതുതന്നെ ആ രാജ്യത്തെ ഭരണകൂടത്തിനുള്ള ആശയക്കുഴപ്പത്തിനു തെളിവാണ്. അതിനാൽതന്നെ പ്രതികരണം അർഹിക്കുന്നില്ലെന്നും വിശദീകരിച്ചു. 

English Summary: "Pakistan Has Learnt Its Lesson...": Pak PM Shehbaz Sharif To India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com