പഴയ സ്കീമിലുള്ളവർക്ക് അവിശ്വാസം; ഒരു ഗുണവും കിട്ടാതെ ഭവനവായ്പക്കാർ
Mail This Article
കോഴിക്കോട് ∙ ആദായനികുതി ഇളവുകൾ കൊണ്ട് ഒരു ഗുണവുമില്ലാതെ പോയ വിഭാഗം ഭവനവായ്പയെടുത്ത ശമ്പളവരുമാനക്കാരാണ്. ഇളവുകളെല്ലാം പുതിയ നികുതിഘടന സ്വീകരിക്കുന്നവർക്കു മാത്രമായി ഒതുക്കിയതോടെ ഭവനവായ്പയുടെ പലിശയ്ക്കു നികുതിയിളവു തേടുന്ന വിഭാഗത്തിന് പുതിയ സമ്പ്രദായത്തിലേക്കു മാറിയാൽ നഷ്ടം വരുമെന്ന സ്ഥിതിയായി.
അതേസമയം, 80സി പ്രകാരമുള്ള കിഴിവു മാത്രം ലഭിക്കുന്നവരിൽ ഭൂരിഭാഗത്തിനും ആ കിഴിവു വേണ്ടെന്നു വച്ചാലും പുതിയ സ്കീം ഗുണകരമാകും. പഴയ സ്കീമിലെ 50,000 രൂപ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പുതിയ സ്കീമിലും അനുവദിച്ചിട്ടുണ്ട്. ഇതു കിഴിച്ചശേഷം 7 ലക്ഷത്തിനു താഴെമാത്രം വരുമാനമുള്ളവർക്ക് പൂർണമായി നികുതി റിബേറ്റ് ലഭിക്കുന്നതിനാൽ പ്രതിമാസം 62,500 രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക് പുതിയ സ്കീം സ്വീകരിച്ചാൽ നികുതിയുണ്ടാകില്ല.
10 ലക്ഷം രൂപ ആകെ വരുമാനമുള്ളയാളുടെ കണക്കെടുത്താൽ പുതിയ സ്കീമിൽ അടിസ്ഥാന കിഴിവു കഴിച്ച് 9,50,000 രൂപയ്ക്കാണ് നികുതി നൽകേണ്ടത്. ഇത് 52,500 രൂപ വരും. പഴയ സ്കീമിൽ 80സി പ്രകാരമുള്ള ഒന്നര ലക്ഷം രൂപയും സ്റ്റാൻഡേഡ് ഡിഡക്‌ഷൻ 50,000 രൂപയും തൊഴിൽ നികുതിയായ 2500 രൂപയും ഇളവു ചെയ്താൽ 7,97,500 രൂപയ്ക്കു നികുതി നൽകിയാൽ മതി. പക്ഷേ, നികുതി നിരക്കു കൂടുതലായതിനാൽ ഇത് 72,000 രൂപ വരും. 50,000 രൂപ വരെ എൻപിഎസ് നിക്ഷേപത്തിനുള്ള അധിക കിഴിവും 25,000 രൂപയുടെ മെഡിക്കൽ ഇൻഷുറൻസിനുള്ള കിഴിവും ലഭിക്കാനുണ്ടെങ്കിൽ പോലും പഴയ സ്കീം പ്രകാരം 57,000 രൂപ നികുതി നൽകേണ്ടിവരും. അതുകൊണ്ട് ഈ വിഭാഗങ്ങളിൽ പെട്ടവർക്കെല്ലാം പുതിയ നികുതി സമ്പ്രദായത്തിലേക്കു മാറിയാൽ ചെറുതായെങ്കിലും ഗുണം ലഭിക്കും.
എന്നാൽ, പഴയ സ്കീമിൽ ഈ കിഴിവുകൾക്കു പുറമേ, ഭവനവായ്പ പലിശയ്ക്ക് 2 ലക്ഷം വരെ ഇളവുണ്ട്. പുതിയ സമ്പ്രദായത്തിലേക്കു മാറിയാൽ ഇതു നഷ്ടപ്പെടുമെന്നതിനാൽ വലിയ ഭവനവായ്പയുള്ളവരിൽ ഭൂരിഭാഗവും പഴയ രീതിതന്നെ തുടരാനാണു സാധ്യത.
12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾക്ക് 80സി, അടിസ്ഥാന കിഴിവ്, തൊഴിൽനികുതി എന്നിവയ്ക്കു പുറമേ ഭവനവായ്പ പലിശയിനത്തിൽ 2 ലക്ഷം കിഴിവും ലഭിക്കാനുണ്ടെങ്കിൽ ബാക്കിയുള്ള 7,97,500 രൂപയ്ക്ക് പഴയ സ്കീമിൽ 72,000 രൂപ നികുതി നൽകിയാൽ മതി. പുതിയ സ്കീമിലാകുമ്പോൾ ഇത് 82,500 രൂപയാകും. അതേസമയം, ഭവനവായ്പ പലിശയിനത്തിൽ വലിയ തുകയില്ലെങ്കിൽ പുതിയ സ്കീം ഗുണകരമായേക്കാം. ഏതു സ്കീം തിരഞ്ഞെടുക്കണമെന്ന് ഓരോരുത്തരുടെയും വരുമാനവും ഇളവുകളും പ്രത്യേകം കണക്കുകൂട്ടിത്തന്നെ തീരുമാനമെടുക്കേണ്ടിവരും.
വലിയ ഭവനവായ്പ തിരിച്ചടവ് ഇല്ലാത്ത ഭൂരിഭാഗം പേരെയും പുതിയ സ്കീമിലേക്കു മാറ്റുന്നതിൽ ബജറ്റ് ലക്ഷ്യം കാണും. നിക്ഷേപവും ഇൻഷുറൻസും നികുതിയിളവിനു വേണ്ടിയാകരുതെന്ന സന്ദേശവും ബജറ്റ് നൽകുന്നു. നിക്ഷേപിക്കുന്നതിലേറെ പണം ചെലവഴിക്കുന്നതിനെയാണ് ബജറ്റ് പ്രോത്സാഹിപ്പിക്കുന്നത്.
Content Highlight: Union Budget 2023