ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾക്കു നൽകുന്ന കേന്ദ്ര നികുതിവിഹിതത്തിൽ കുറവുണ്ടാകില്ലെന്നും കഴിഞ്ഞ വർഷത്തേക്കാൾ അധികമാണ് ഇത്തവണ ലഭിക്കുകയെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിപ്പു തുടരും. ലോക്സഭയിൽ ബജറ്റ് ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു ധനമന്ത്രി. 

സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിന്റെ ബജറ്റ് എസ്റ്റിമേറ്റ് 17.98 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 1.55 ലക്ഷം കോടി രൂപ അധികമാണ് ഇത്. മൂലധനച്ചെലവ് 10 ലക്ഷം കോടിയായതിനാൽ സംസ്ഥാനങ്ങൾക്കും ഗുണകരമാവും. അതിനു പുറമേ പലിശയില്ലാത്ത 50 വർഷത്തെ വായ്പയും വർധിപ്പിച്ചിട്ടുണ്ട്. സെസ്സുകളിൽ നിന്നുള്ള വരുമാനവും ഇരട്ടിയായി നൽകുമെന്നും അവർ പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതിക്ക് തുക കുറച്ചുവെന്ന ആരോപണം തെറ്റാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെടുന്ന പിഎം ആവാസ് യോജന, ജലജീവൻ മിഷൻ തുടങ്ങിയവയ്ക്കൊക്കെ ഉയർന്ന വിഹിതമുണ്ട്. അതിനാൽ തൊഴിലുറപ്പു പദ്ധതിയിൽ കുറയുന്നില്ലെന്നും അവർ പറ‍ഞ്ഞു. 

അദാനിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മിണ്ടുന്നില്ലെന്ന് നിർമലയുടെ പ്രസംഗത്തിനിടയിൽ പ്രതിപക്ഷാംഗങ്ങൾ വിളിച്ചു പറഞ്ഞു. ന്യൂനപക്ഷങ്ങളെ അവഗണിച്ചുവെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടി പറയവെ, ഡൽഹിയിൽ സിഖ് കൂട്ടക്കൊല നടത്തിയവർ ഇതേപ്പറ്റി പറയുന്നത് പരിഹാസ്യമാണെന്ന് മന്ത്രി പറഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.

കേന്ദ്രം കുറച്ചപ്പോൾ കേരളം നികുതി കൂട്ടിയെന്ന് മന്ത്രി

ന്യൂഡൽഹി ∙ പെട്രോളിയം ഉൽപന്നങ്ങൾക്ക് 2 തവണ കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും കുറയ്ക്കുന്നതിനു പകരം കൂട്ടിയ കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇവിടെയുണ്ടെന്നും നിർമല സീതാരാമൻ. ബംഗാൾ, ആന്ധ്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നികുതി കുറച്ചില്ല. തമിഴ്നാട് നാമമാത്രമായ കുറവു വരുത്തി. കേരളം ബജറ്റിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തി ജനങ്ങൾക്കു ഭാരമേൽപ്പിച്ചുവെന്ന് നിർമല പറഞ്ഞപ്പോൾ ്രടഷറി ബെഞ്ചുകൾ ഷെയിം വിളിച്ചു. 

ഹിമാചൽപ്രദേശിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഡീസലിന്റെ വാറ്റ് 3 രൂപ കൂട്ടിയെന്നു നിർമല പറഞ്ഞു. ബിജെപി സർക്കാരിന്റെ കൊള്ളരുതായ്മ കൊണ്ടാണ് അവിടെ ജനങ്ങൾ കോൺഗ്രസിനെ തിരിച്ചു കൊണ്ടുവന്നതെന്ന് കൊടിക്കുന്നിൽ സുരേഷും കെ.മുരളീധരനുമടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ തിരിച്ചടിച്ചു.

English Summary: Union budget discussion, Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com