ADVERTISEMENT

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പ് പ്രശ്നത്തിൽ പാർലമെന്റിലും വിദേശനിക്ഷേപകരിൽനിന്നുമുയരുന്ന ചോദ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയേണ്ടിവരുമെന്ന് യുഎസ് ശതകോടീശ്വരൻ ജോർജ് സോറസ് പറഞ്ഞു. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ വ്യാഴാഴ്ച സോറസ് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു. 

Read Also: പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം ഇന്ത്യയ്ക്ക് എതിരായ ആക്രമണം; സോറോസിനെതിരെ സ്മൃതി

അദാനി വിവാദം നരേന്ദ്രമോദി സർക്കാരിനെ ദുർബലപ്പെടുത്തുമെന്നും സോറസ് പറഞ്ഞു. ‘മോദിയും അദാനിയും അടുത്ത പങ്കാളികളാണ്; അവരുടെ ഭാഗധേയം ഇഴചേർന്നതാണ്. ഓഹരിവിപണിയിൽ അദാനി ക്രമക്കേട് കാട്ടിയതായി ആരോപണമുണ്ട്. അദ്ദേഹത്തിന്റെ ഓഹരികൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഈ വിഷയത്തിൽ മോദി നിശ്ശബ്ദനാണ്; പക്ഷേ, വിദേശനിക്ഷേപകരിൽനിന്നും പാർലമെന്റിൽനിന്നുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയേണ്ടിവരും’.

‘ഈ വിവാദം മോദി സർക്കാരിനെ ദുർബലപ്പെടുത്തുകയും അനിവാര്യമായ ഭരണസ്ഥാപന നവീകരണത്തിന്റെ വാതിലുകൾ തുറക്കുകയും ചെയ്യും. ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനം ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.’ 

Read Also: സിപിഎം പ്രതികളെ രക്ഷിക്കാൻ അഭിഭാഷക ഫീസ് 2.11 കോടി; കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി

തൊണ്ണൂറ്റിരണ്ടുകാരനായ ഓഹരി നിക്ഷേപകൻ സോറസിന്റെ 42 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അടഞ്ഞ സമൂഹത്തെയും തുറന്ന സമൂഹത്തെയും സംബന്ധിച്ചു പറയവേയാണു ഇന്ത്യ കടന്നു കടന്നുവന്നത്. ‘ഇന്ത്യ ഒരു ജനാധിപത്യമാണ്. പക്ഷേ, അതിന്റെ നേതാവ് നരേന്ദ്രമോദി ജനാധിപത്യവാദിയല്ല’– സോറസ് പറഞ്ഞു.

ഇതു നരേന്ദ്ര മോദിക്കെതിരെ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുമുള്ള ആക്രമണമാണ്–ബിജെപി പ്രതികരിച്ചു. മോദിയെ തകർത്ത് സോറസിനു താൽപര്യമുളളവരെ ഇവിടെ വാഴിക്കാനാണു നീക്കം. ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാ കക്ഷികളും സോറസിനെതിരെ രംഗത്തു വരണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ‘യുഎസ്, ഫ്രഞ്ച് പ്രസിഡന്റുമാരും ബ്രിട്ടിഷ് പ്രധാനമന്ത്രിയും നരേന്ദ്ര മോദിയെ പരസ്യമായി പ്രശംസിച്ചത് ചിലരെ വിറകൊള്ളിക്കുന്നു. അവർക്കു വേണ്ടതു ദുർബലമായ ഇന്ത്യയാണ്. മുൻപെന്നപോലെ ഇനിയും ഇന്ത്യ സാമ്രാജ്യത്വ പദ്ധതികളെ എതിർത്തുതോൽപിക്കുമെന്ന് സ്മൃതി പറഞ്ഞു. 

Read Also: ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി; നോവായി മരണം

സോറസുമായി ബന്ധമില്ലെന്നു വ്യക്തമാക്കിയ കോൺഗ്രസ്, അദാനി വിവാദം ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിനു കാരണമാകുമോ എന്നതു കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കി. ‘സോറസിനെ പോലുള്ളവരല്ല രാജ്യത്തെ തിരഞ്ഞെടുപ്പു ഫലങ്ങൾ നിശ്ചയിക്കുന്നതെന്നു നമ്മുടെ നെഹ്റുമൂല്യ പാരമ്പര്യം ഉറപ്പുനൽകുന്നുണ്ട് ’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പറഞ്ഞു. 

English Summary: George Soros remark against Narendra Modi in Adani issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com