ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സാമ്പത്തിക ക്രമക്കേടു കേസിൽ കഴിഞ്ഞ മേയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അംഗീകരിച്ചത്. 

മദ്യനയക്കേസിൽ സിസോദിയയെ ഞായറാഴ്ചയാണു സിബിഐ അറസ്റ്റ് ചെയ്തത്. കടലാസു കമ്പനികളുടെ പേരിൽ 4.63 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണു ജെയിനിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ആം ആദ്മി പാർട്ടി സർക്കാരിൽനിന്നു രാജിവച്ച മന്ത്രിമാർ‌ മൂന്നായി. മതപരിവർത്തന ചടങ്ങിൽ പങ്കെടുത്തതിൽ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിൽ രാജേന്ദ്രപാൽ ഗൗതം രാജിവച്ചിരുന്നു. 

‍ഡൽഹി മന്ത്രിസഭയിൽ 7 മന്ത്രിമാരെ നിയമിക്കാനാണു വ്യവസ്ഥയുള്ളത്. 33 വകുപ്പുകളിൽ ധനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഉൾപ്പെടെ 18 വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സിസോദിയയാണ്. സത്യേന്ദർ ജെയിൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ വകുപ്പുകളും സിസോദിയയെ ഏൽപിച്ചു. പുതിയ മന്ത്രിമാരെ വൈകാതെ തിരഞ്ഞെടുക്കുമെന്ന് എഎപി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ് അറിയിച്ചു. 

കീഴ്ക്കോടതികളെ സമീപിക്കൂ: സുപ്രീം കോടതി

സിസോദിയയ്ക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സൂപ്രീം കോടതി ബെഞ്ചാണ് പരിഗണിക്കാൻ വിസമ്മതിച്ചത്. ഡൽഹിയിലാണു സംഭവങ്ങളെന്ന കാരണത്താൽ നേരിട്ടു വരാനാകില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജി അനുവദിച്ചാൽ തെറ്റായ കീഴ്‌വഴക്കമാകും. നയപരമായ വിഷയത്തിലാണ് അറസ്റ്റെന്നും ലഫ്. ഗവർണറാണ് നയത്തിന് അനുമതി നൽകിയതെന്നും പരിശോധനയിൽ പണം കണ്ടെത്തിയിട്ടില്ലെന്നുമുള്ള വാദങ്ങൾ കോടതി പരിഗണിച്ചില്ല. 

English Summary: Manish Sisodia, Satyendar Jain Quit Delhi Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com