ADVERTISEMENT

ന്യൂഡൽഹി ∙ പ്രായോഗിക തടസ്സങ്ങൾ ഏറെയെങ്കിലും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന രീതി നടപ്പാക്കുമെന്നു കേന്ദ്ര നിയമ മന്ത്രാലയം സൂചന നൽകി. നിലവിൽ നിയമ കമ്മിഷന്റെ പരിഗണനയിലാണു വിഷയം. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിലെ തടസ്സങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളും മാർഗരേഖയും കമ്മിഷനിൽനിന്ന് ഉണ്ടാകുമെന്നാണു മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

പരിഷ്കാരം ഖജനാവിനും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും വലിയ സാമ്പത്തികലാഭം നൽകുമെന്നും സുരക്ഷാ,ഭരണ നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നുമാണു സർക്കാരിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പു നടത്തുമ്പോൾ, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

പ്രായോഗിക തടസ്സങ്ങൾ:

∙ ഭരണഘടനയുടെ 5 പ്രധാന വകുപ്പുകളിൽ ഭേദഗതി അനിവാര്യമായി വരും. പാർലമെന്റിന്റെ കാലാവധി (83–ാം വകുപ്പ്), ലോക്സഭ പിരിച്ചുവിടൽ (85–ാം വകുപ്പ്), നിയമസഭകളുടെ കാലാവധി (172–ാം വകുപ്പ്), നിയമസഭകളുടെ പിരിച്ചുവിടൽ (174–ാം വകുപ്പ്), രാഷ്ട്രപതി ഭരണം (356–ാം വകുപ്പ്).

∙ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ അഭിപ്രായരൂപീകരണം.

∙ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കൽ.

∙ വോട്ടിങ് യന്ത്രം ഉൾപ്പെടെ തിരഞ്ഞെടുപ്പു സാമഗ്രികളുടെ ലഭ്യത. ഇതിനു വലിയ സാമ്പത്തികച്ചെലവുണ്ട്. 15 വർഷമാണു വോട്ടിങ് യന്ത്രങ്ങളുടെ കാലാവധി. എണ്ണം കൂടുകയും ഉപയോഗം 15 വർഷത്തിനിടെ 3 തവണയായി ചുരുങ്ങുകയും ചെയ്യും.

∙ തിരഞ്ഞെടുപ്പുനടത്തിപ്പിന് ഉദ്യോഗസ്ഥരുടെയും സുരക്ഷാസേനയുടെയും ലഭ്യത.

 

English Summary: Center to proceed ‘One nation One election’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com