ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി ചോദ്യംചെയ്ത് സെഷൻസ് കോടതിയെ സമീപിക്കുമ്പോൾ പാർട്ടിയിലെ ഏറ്റവും കരുത്തുറ്റ അഭിഭാഷക നിരയെ കോൺഗ്രസ് അണിനിരത്തും. പി.ചിദംബരം, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകരുടെ മേൽനോട്ടത്തിലാകും പാർട്ടി നിയമപോരാട്ടം നടത്തുക. 

സൂറത്ത് വിധി ചോദ്യം ചെയ്തുള്ള ഹർജി എത്രയും വേഗം സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് സിങ്‍വി പറഞ്ഞു. ഹർജി തയാറാക്കുന്നതിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണുള്ളത്. രാഹുലിനെ പൂട്ടാൻ സെഷൻസ് കോടതിയിൽ ബിജെപി സർവശക്തിയുമെടുത്തു പോരാടുമെന്നതിനാൽ, ഒരുവിധ പിഴവും പാടില്ലെന്ന കർശന നിർദേശമാണ് അഭിഭാഷക സംഘത്തിനു കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. സൂറത്ത് കോടതിയിൽ കേസ് കൈകാര്യം ചെയ്യുന്നതിൽ അലംഭാവമുണ്ടായെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 

രാഹുലിന്റെ പാർലമെന്ററി ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമായതിനാൽ കോടതിയിൽ ഇനി വരുത്തുന്ന ചെറിയ പിഴവിനു പോലും പാർട്ടിക്കു വലിയ വില നൽകേണ്ടി വരും. സെഷൻസ് കോടതി ഹർജി തള്ളിയാൽ ഗുജറാത്ത് ഹൈക്കോടതി, സുപ്രീം കോടതി എന്നിവയാണു കോൺഗ്രസിനു മുന്നിലുള്ള വഴികൾ. 

കേസിനാസ്പദമായ സംഭവം നടന്നത് കർണാടകയിലെ കോലാറിലാണെന്നും അതുമായി ബന്ധപ്പെട്ട ഹർജി ഗുജറാത്തിലെ സൂറത്ത് കോടതി പരിഗണിച്ചതിൽ നിയമപ്രശ്നങ്ങളുണ്ടെന്നും മേൽക്കോടതിയിൽ കോൺഗ്രസ് വാദിക്കും. മറ്റൊരു സ്ഥലത്തു നടന്ന കേസ് മുന്നിലെത്തുമ്പോൾ അതു പരിശോധിക്കാനുള്ള അധികാരം തനിക്കുണ്ടോ എന്ന പ്രാഥമിക പരിശോധന മജിസ്ട്രേട്ട് നടത്താറുണ്ടെന്നും രാഹുലിന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

English Summary : Rahul Gandhi disqualification case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com