ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെ സിബിഐ നാളെ ചോദ്യംചെയ്യും. രാവിലെ 11നു സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണു സമൻസ്. പാർട്ടിയിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ഫെബ്രുവരി 26ന് അറസ്റ്റിലായ കേസ് ഇതോടെ സുപ്രധാന വഴിത്തിരിവിലെത്തി.

കേജ്‍രിവാൾ ഹാജരാകുമെന്ന് എഎപി നേതൃത്വം പ്രതികരിച്ചു. സാക്ഷിയെന്ന നിലയിലാണ് സമൻസെങ്കിലും ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്ന് സിബിഐ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കേസിലെ സുപ്രധാന ഫയൽ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇതിന്റെ വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

മദ്യനയ ഇടപാടിൽ ലഭിച്ച പണത്തിലൊരു പങ്ക് ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് സിബിഐ പറയുന്നത്. ‘സൗത്ത് ഗ്രൂപ്പ്’ എന്ന സംഘത്തിനു മദ്യനയത്തിന്റെ വിശദാംശങ്ങൾ മുൻകൂർ കൈമാറി, എഎപിയുടെ അടുപ്പക്കാർക്കു ലൈസൻസ് അനുവദിച്ചു, ലാഭവിഹിതം 6 ശതമാനത്തിൽനിന്നു 12 % ആക്കി, ലൈസൻസ് ഫീസിൽ ഇളവു നൽകി തുടങ്ങിയ ആരോപണങ്ങളും എഫ്ഐആറിലുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കാം ഇടപാടുകൾ നടന്നതെന്നും സിബിഐ വൃത്തങ്ങൾ പറയുന്നു.

എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. പ്രധാന പ്രതികളിലൊരാളായ മദ്യവ്യവസായിയുമായി ‘ഫെയ്സ്ടൈം’ ആപ്പിലൂടെ കേജ്‍രിവാൾ ചാറ്റ് ചെയ്തിരുന്നുവെന്നും കേസിൽ അറസ്റ്റിലായ എഎപി കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവിയും മലയാളിയുമായ വിജയ് നായരാണ് ഇതു ക്രമീകരിച്ചതെന്നും ഇഡി ഫെബ്രുവരിയിൽ നൽകിയ കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കേസിൽ വിജയ് നായരുടെ പങ്കുവ്യക്തമാക്കാനാണ് ഇഡി ഈ സംഭവം വിശദീകരിക്കുന്നത്. സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. ഇ‍ഡിയുടെ മറ്റൊരു സാമ്പത്തിക ക്രമക്കേടു കേസിൽ മുൻമന്ത്രി സത്യേന്ദർ ജെയിനും ജയിലിലാണ്.

cartoon

കേസ് ഇതുവരെ

മദ്യവിൽപന സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ഇതിൽ ക്രമക്കേടു നടന്നെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി.കെ. സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടു നടന്നതായി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ 2022 ജൂലൈ 31നു നയം പിൻവലിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത ഉൾപ്പെടുന്ന സൗത്ത് ഗ്രൂപ്പിന് ഇടപാടിൽ പങ്കുണ്ടെന്നു സിബിഐയും ഇഡിയും ആരോപിക്കുന്നു. ഇവരുടെ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗൊറന്തല അറസ്റ്റിലായെങ്കിലും പിന്നീടു ജാമ്യത്തിലിറങ്ങി. കവിതയെയും ചോദ്യം ചെയ്തിരുന്നു. വൈഎസ്ആർ കോൺഗ്രസ് എംപി മഗൗന്ത ശ്രീനിവാസലു റെഡ്ഡി, മകൻ രാഘവ റെഡ്ഡി, വ്യവസായികളായ അരുൺ രാമചന്ദ്രൻ പിള്ള തുടങ്ങിയവരും സൗത്ത് ഗ്രൂപ്പിൽ ഭാഗമാണെന്നു സിബിഐയും ഇഡിയും പറയുന്നു.

English Summary: Arvind Kejriwal summoned by CBI

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com