വിദേശ എംബിബിഎസ്: ഇന്റേൺഷിപ് ജില്ലാ, സ്വകാര്യ ആശുപത്രികളിലും
Mail This Article
ന്യൂഡൽഹി ∙ വിദേശത്തു മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ മെഡിക്കൽ കോളജുകൾ അല്ലാത്ത ആശുപത്രികളിലും ഇന്റേൺഷിപ് അനുവദിച്ച് നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഒരു വർഷത്തേക്കു വ്യവസ്ഥകൾ ഇളവു ചെയ്തു. അലോട്മെന്റ് ചുമതല സംസ്ഥാന മെഡിക്കൽ കമ്മിഷനുകൾക്കാണ്.
കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജുകൾക്കു പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലാ ആശുപത്രികൾ, കോഴിക്കോട് ജനറൽ ആശുപത്രി, തിരുവനന്തപുരം വിമൻ ആൻഡ് ചൈൽഡ്, തിരുവനന്തപുരം എസ്‌യുടി, തിരുവനന്തപുരം ശ്രീ രാമചന്ദ്ര ചാരിറ്റബിൾ, തിരുവനന്തപുരം കിംസ്, കോട്ടയം ഹോളി ക്രോസ്, കൊച്ചി ലിസി, കൊച്ചി അമൃത, കോലഞ്ചേരി മെഡിക്കൽ മിഷൻ, തൃശൂർ ജൂബിലി മിഷൻ തുടങ്ങിയ ആശുപത്രികളും പട്ടികയിലുണ്ട്.
വിദേശ എംബിബിഎസ് കഴിഞ്ഞു ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) വിജയിച്ചവർ ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് പൂർത്തിയാക്കണം.
അവസാന വർഷ പഠനത്തിനിടെ ഇന്ത്യയിൽ മടങ്ങിയെത്തി, ഓൺലൈനായി പഠനം പൂർത്തിയാക്കിയവർ മാത്രമാണു 2 വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് ചെയ്യേണ്ടതെന്നും എൻഎംസി വ്യക്തമാക്കി. കോവിഡ് കാലത്ത് ചൈനയിൽനിന്നും യുദ്ധ സാഹചര്യത്തിൽ യുക്രെയ്നിൽനിന്നും മടങ്ങിയെത്തുകയും ഓൺലൈനിൽ പഠനം പൂർത്തിയാക്കുകയും ചെയ്തവർക്കാണ് ഈ വ്യവസ്ഥ ബാധകം. രണ്ടാം വർഷത്തെ ഇന്റേൺഷിപ് മറ്റൊരു ആശുപത്രിയിലോ സംസ്ഥാനത്തോ ചെയ്യാനുമാകും.
English Summary : Internship in district and private hospitals for completed medical studies abroad