ADVERTISEMENT

ചെന്നൈ ∙ ധനവകുപ്പിൽ സുപ്രധാന മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മികച്ച മന്ത്രിയെന്ന പേര് നേടിയെങ്കിലും രാഷ്ട്രീയ വിവാദത്തിൽപ്പെട്ട മന്ത്രി പളനിവേൽ ത്യാഗരാജനെ (പിടിആർ) ഐടി വകുപ്പിലേക്കു മാറ്റി തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടന. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി, മരുമകൻ ശബരീശൻ എന്നിവർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്നു പിടിആർ പറയുന്നതായുള്ള 2 ഓഡിയോ ക്ലിപ്പുകൾ പുറത്തായതിനു പിന്നാലെയാണിത്.

വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശാണ് പുതിയ ധനമന്ത്രി. ഡിഎംകെയുടെ മുതിർന്ന നേതാവും എംപിയുമായ ടി.ആർ.ബാലുവിന്റെ മകൻ  ടി.ആർ.ബി.രാജയാണു വ്യവസായമന്ത്രി.  ഐടി  മന്ത്രിയായിരുന്ന മനോ തങ്കരാജിന് ക്ഷീര വകുപ്പ് നൽകി. ഈ വകുപ്പു കൈകാര്യം ചെയ്തിരുന്ന എസ്.എം.നാസറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി. 

ഭരണപരമായ സൗകര്യത്തിനാണ് അഴിച്ചുപണിയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭയിൽ നിന്നു പുറത്താക്കാനായിരുന്നു ആദ്യ നീക്കമെങ്കിലും അതു തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ  വകുപ്പു മാറ്റത്തിലൊതുക്കുകയായിരുന്നു. അതേ സമയം, പിടിആറിനെതിരെയുള്ള നീക്കങ്ങളിൽ ഡിഎംകെയ്ക്കുള്ളിലും അഭിപ്രായവ്യത്യാസമുണ്ട്. മാറ്റം കുറ്റം സമ്മതിക്കലായി വ്യാഖ്യാനിക്കപ്പെടുമെന്നും പാർട്ടിയിൽ വിമർശനം ഉയർന്നു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനു പിന്തുണയറിയിച്ച് ഒട്ടേറെപ്പേർ രംഗത്തുവന്നു. രണ്ടു വർഷം ധനമന്ത്രി പദവിയിലിരുന്നു സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങൾ സൂചിപ്പിച്ചും പുതിയ പദവി നൽകിയതിനു മുഖ്യമന്ത്രിക്കു നന്ദി അറിയിച്ചുമാണു പുനഃസംഘടനയോട് പിടിആർ പ്രതികരിച്ചത്.

 

English Summary: Tamil Nadu Cabinet reshuffle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com