ബ്രിജ് ഭൂഷണിന്റെ വീടുകളിൽ പൊലീസ് പരിശോധന
Mail This Article
ന്യൂഡൽഹി ∙ ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വീടുകളിൽ ഡൽഹി പൊലീസ് പരിശോധന നടത്തി. യുപി ലക്നൗവിലെയും ഗോണ്ടയിലെയും ബ്രിജ് ഭൂഷണിന്റെ വീടുകളിലെത്തിയ ഡൽഹി പൊലീസ് സംഘം അദ്ദേഹത്തിന്റെ അനുയായികളും ജീവനക്കാരുമായ 15 പേരെ ചോദ്യംചെയ്തു.
ഇതിനിടെ, ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മജിസ്ട്രേട്ടിനു മുന്നിൽ പുതിയ മൊഴി നൽകിയതായും ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ആദ്യം നൽകിയ മൊഴി പിൻവലിച്ചുവെന്ന വാർത്തകളുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏതു മൊഴി സ്വീകരിക്കണമെന്നു കോടതി തീരുമാനിക്കുമെന്നു പൊലീസ് വിശദീകരിച്ചു.
17 വയസ്സുള്ള താരം 2022 ലുണ്ടായ ദുരനുഭവമാണു പരാതിയിൽ പറഞ്ഞിരുന്നത്. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ അമർത്തി മോശമായി തൊട്ടുവെന്നും ശല്യം ചെയ്യരുതെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഈ മൊഴി മജിസ്ട്രേട്ടിനു മുന്നിൽ ആദ്യം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽനിന്നു പിന്മാറിയാൽ അതു ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസുകളെ ദുർബലമാക്കിയേക്കും.
കേസന്വേഷണത്തിന്റെ ഭാഗമായി തെളിവുശേഖരിക്കാനാണു ബ്രിജ് ഭൂഷണിന്റെ വീടുകളിലെത്തിയതെന്നും അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ഡൽഹി പൊലീസിന്റെ അഞ്ചംഗ സംഘം തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണു ലക്നൗ ലഖംപുരിയിലെ വീട്ടിലെത്തിയത്. ഇവിടെ 3 പേരെ ചോദ്യം ചെയ്ത സംഘം, ഗോണ്ടയിൽ ബ്രിജ് ഭൂഷണിന്റെ ഡ്രൈവർ, വീട്ടുജോലിക്കാരി, സെക്യൂരിറ്റി ജീവനക്കാരൻ, ഉദ്യാന ജോലിക്കാരൻ എന്നിവരുൾപ്പെടെ 12 പേരുടെ മൊഴി രേഖപ്പെടുത്തി.
English Summary: Police examines at Brij Bhushan Singh house