ADVERTISEMENT

ന്യൂഡൽഹി ∙ ഓരോ വർഷവും ഏതു രാജ്യം ജി20 അധ്യക്ഷപദവി വഹിക്കണമെന്നു തീരുമാനിക്കുന്നത് ‘'ബക്കറ്റ് സിസ്റ്റം’ വഴിയാണ്. 20 അംഗങ്ങളിൽ യൂറോപ്യൻ യൂണിയൻ ഒഴികെ 19 രാജ്യങ്ങളാണ് അധ്യക്ഷപദവി അലങ്കരിക്കാറുള്ളത്. 5 ഉപഗ്രൂപ്പുകളായിട്ടാണ് (ബക്കറ്റ്) രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. 4 ഉപഗ്രൂപ്പുകളിൽ 4 വീതവും മറ്റൊന്നിൽ 3 രാജ്യവുമാണുള്ളത്. ഈ ഉപഗ്രൂപ്പുകളുടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് രാജ്യം തീരുമാനിക്കുന്നത്. 

ഭൂമിശാസ്ത്രപരമായി അടുത്തുകിടക്കുന്ന രാജ്യങ്ങളാണ് പല ഗ്രൂപ്പുകളിലുമുള്ളതെങ്കിലും ഇന്ത്യ ഉൾപ്പെട്ട രണ്ടാം ബക്കറ്റ് വ്യത്യസ്തമാണ്. റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നിവയാണ് ഒപ്പമുള്ള രാജ്യങ്ങൾ. റൊട്ടേഷൻ വ്യവസ്ഥയനുസരിച്ച് ഏതു ബക്കറ്റ് ആണോ വരുന്നത്, അതിലെ ഏതു രാജ്യത്തിനും അധ്യക്ഷപദവിക്ക് അർഹതയുണ്ട്. ഇവ തമ്മിലുള്ള കൂടിയാലോചന വഴിയാണ് അധ്യക്ഷ രാജ്യത്തെ തിരഞ്ഞെടുക്കുന്നത്. ഒരു വർഷം വികസിത രാജ്യത്ത് ഉച്ചകോടി നടന്നാൽ അടുത്തവർഷം വികസ്വര രാജ്യത്തു നടത്തണമെന്നു വ്യവസ്ഥയുണ്ടെങ്കിലും 2025 മുതലേ ഇതു നടപ്പാകാൻ സാധ്യതയുള്ളൂ. ആദ്യ 6 ഉച്ചകോടികളും വികസിത രാജ്യങ്ങളിൽ നടന്നതിനാലാണ് ഈ രീതി നിലവിൽ പിന്തുടരാത്തത്. 

ജി20ക്കു സ്ഥിരമായ സെക്രട്ടേറിയറ്റില്ല. തൊട്ടുമുൻപ് അധ്യക്ഷ പദവി വഹിച്ച രാജ്യം, നിലവിൽ അധ്യക്ഷ രാജ്യം, അടുത്ത രാജ്യം എന്നിവ ചേർന്നുള്ള ത്രിരാഷ്ട്ര സഹകരണത്തിലൂടെയാണ് പ്രവർത്തനം. 

സാമ്പത്തികവും വ്യാപാരവും മാത്രമല്ല, കാലാവസ്ഥാവ്യതിയാനം, സുസ്ഥിര വികസനം, ആരോഗ്യം, കൃഷി, ഊർജം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾക്കുമുള്ള രാജ്യാന്തര ചർച്ചാവേദിയാണിന്ന് ജി20. 

പിറവിക്കു കാരണം സാമ്പത്തികപ്രതിസന്ധി 

1997–98 കാലത്തെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ 1999ലാണ് പരസ്പര സഹകരണത്തിനായി ജി20 രൂപീകൃതമായത്. ധനമന്ത്രിമാർ, സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവരുടെ അനൗപചാരിക ഫോറം മാത്രമായിരുന്ന ജി20, ഭരണാധികാരികളുടെ കൂട്ടായ്മയായത് 2008ലാണ്. 2007–2008ലെ സാമ്പത്തികപ്രതിസന്ധിയായിരുന്നു കാരണം. 18 ഉച്ചകോടികൾ ഇതുവരെ നടന്നു. 2009, 2010 വർഷങ്ങൾ രണ്ടു സമ്മേളനങ്ങൾ വീതം നടന്നു. കഴിഞ്ഞ വർഷം ഇന്തൊനീഷ്യയിലായിരുന്നു ഉച്ചകോടി; അടുത്ത വർഷം ബ്രസീലിൽ. 

ആഗോള സമ്പദ്‍വ്യവസ്ഥയുടെ 85 ശതമാനവും രാജ്യാന്തര വ്യാപാരത്തിന്റെ 75 ശതമാനവും ജി20 രാജ്യങ്ങളുടേതാണ്. ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടും ഭാഗവും ഈ രാജ്യങ്ങളിലാണ്. 

ജി20 അംഗങ്ങൾ 

അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തൊനീഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ. 

∙ ക്ഷണിതാക്കളായ രാജ്യങ്ങൾ: ബംഗ്ലദേശ്, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ

English Summary : Each year, which country will hold the G20 presidency is decided through 'bucket system'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com