ADVERTISEMENT

ന്യൂഡൽഹി ∙ പുതുപ്പള്ളിക്കു പുറമേ ഉപതിരഞ്ഞെടുപ്പു നടന്ന, 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ സീറ്റുകളിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. സമാജ്‌വാദി പാർട്ടി (എസ്പി), തൃണമൂൽ, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം നേടി. ഉത്തർപ്രദേശിലെ ഘോസിയിൽ എസ്പിയും ജാർഖണ്ഡിലെ ഡുംറിയിൽ ജെഎംഎമ്മും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മത്സരിച്ചാണു വിജയിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയിൽ ഒറ്റക്കെട്ടായി നിന്ന് വിജയം സ്വന്തമാക്കിയത് പ്രതിപക്ഷ നിരയ്ക്ക് ഊർജം പകരും. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരുന്നാൽ ബിജെപിയെ വീഴ്ത്താനാവുമെന്നതിന്റെ തെളിവായാണു ഘോസി വിജയത്തെ മുന്നണി കാണുന്നത്. 42,759 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഇന്ത്യ മുന്നണി ബിജെപിയെ വീഴ്ത്തിയത്. 

ഘോസിയിൽ സ്ഥാനാർഥിയെ നിർത്താതിരുന്ന കോൺഗ്രസും ആർഎൽഡിയും എസ്പി സ്ഥാനാർഥി സുധാകർ സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്പി എംഎൽഎ ആയിരുന്ന ധാരാസിങ് ചൗഹാൻ ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ധാരാസിങ്ങിനെ തന്നെ ബിജെപി സ്ഥാനാർഥിയാക്കിയെങ്കിലും ഫലംകണ്ടില്ല. കഴിഞ്ഞ തവണ 54,248 വോട്ട് നേടിയ ബിഎസ്പി ഇക്കുറി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പകരം, നോട്ടയ്ക്കു വോട്ട് ചെയ്യാനുള്ള മായാവതിയുടെ ആഹ്വാനം വോട്ടർമാർ തള്ളി. 1725 പേർ നോട്ടയ്ക്കു കുത്തിയപ്പോൾ, ബിഎസ്പി വോട്ടർമാരിൽ ഭൂരിഭാഗവും എസ്പിയിലേക്കു ചാഞ്ഞു.

ജാർഖണ്ഡിലും കോൺഗ്രസ് മത്സരിച്ചില്ല; സഖ്യകക്ഷിയായ ജെഎംഎമ്മിനായി പ്രവർത്തിച്ചു. എൻഡിഎയുടെ ഭാഗമായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനിലെ യശോദ ദേവിയെയാണു ജെഎംഎമ്മിന്റെ ബെബി ദേവി തോൽപിച്ചത്. സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന അന്തരിച്ച ജഗർനാഥ് മഹാതോയുടെ ഭാര്യയാണു ബെബി.

ത്രിപുരയിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം മത്സരിച്ച 2 സീറ്റിലും ബിജെപി ജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ബോക്സാനഗറിൽ അന്തരിച്ച എംഎൽഎ: ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനെ ബിജെപിയുടെ തഫജൽ ഹുസൈൻ തോൽപിച്ചു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ഇവിടെ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിജെപി ജയിച്ചത്. സിപിഎമ്മിനു ലഭിച്ചത് 3909 വോട്ട്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ധൻപുരിൽ ബിജെപിയുടെ ബിന്ദു ദേബ്നാഥ് ജയിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ക്രമക്കേടു കാട്ടിയെന്നും ബൂത്തുകൾ പിടിച്ചെടുത്തുവെന്നും ആരോപിച്ച് ഇരുമണ്ഡലത്തിലെയും വോട്ടെണ്ണൽ സിപിഎം ബഹിഷ്കരിച്ചു.

വാശിയേറിയ പോരാട്ടം നടന്ന ബംഗാളിലെ ധുപ്ഗുഡി മണ്ഡലം ബിജെപിയിൽ നിന്നു തൃണമൂൽ പിടിച്ചെടുത്തു. കശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്സി റോയിയെ (ബിജെപി) ആണു തൃണമൂലിന്റെ നിർമൽ റോയ് ചൗധരി തോൽപിച്ചത്. സിപിഎം – കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥി ഈശ്വർ ചന്ദ്ര റോയ് 13,758 വോട്ടിലൊതുങ്ങി.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ അന്തരിച്ച ബിജെപി എംഎൽഎ: ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവതി ദാസ് കോൺഗ്രസിന്റെ ബസന്ത് കുമാറിനെ തോൽപിച്ചു. പാർവതിയുടെ 2405 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇക്കുറി നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞത്. 

കോൺഗ്രസിനൊപ്പം ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാകാൻ വിസമ്മതിച്ച് ഇവിടെ സ്വന്തം നിലയിൽ മത്സരിച്ച സമാജ്‌വാദി പാർട്ടിക്കു ലഭിച്ചത് 637 വോട്ട് മാത്രം. 1257 പേർ നോട്ടയ്ക്കു കുത്തി.

ഉപതിരഞ്ഞെടുപ്പ് ഫലം:(മണ്ഡലം, വിജയി, കക്ഷി, ഭൂരിപക്ഷം)

∙ ഘോസി (യുപി) – സുധാകർ സിങ് (സമാജ്‌വാദി പാർട്ടി, ഇന്ത്യ മുന്നണി) 42,759.

∙ ഡുംറി (ജാർഖണ്ഡ്) – ബെബി ദേവി (ജെഎംഎം, ഇന്ത്യ മുന്നണി)             17,153

∙ ധുപ്ഗുഡി (ബംഗാൾ) – നിർമൽ റോയ് ചൗധരി (തൃണമൂൽ)               4,309

∙ബോക്സാനഗർ (ത്രിപുര) – തഫജൽ ഹുസൈൻ (ബിജെപി)              30,237

∙ ധൻപുർ – ബിന്ദു ദേബ്നാഥ് (ബിജെപി)              18.871

∙ബാഗേശ്വർ (ഉത്തരാഖണ്ഡ്) – പാർവതി ദാസ് (ബിജെപി)                                 2,405

English Summary : BY election: BJP in three out of seven seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com