ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ കലാപം അവസാനിപ്പിക്കാൻ വനിതകളെ നിയന്ത്രിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ മെയ്തെയ് സംഘടനകൾ രംഗത്തെത്തി. അമിത് ഷായുടെ പരാമർശം അനുചിതമാണെന്നും മണിപ്പുരി ഇമമാരുടെ (അമ്മമാരുടെ) സമരത്തിന് പിന്തുണ നൽകുമെന്നും കോ ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) പറഞ്ഞു.

മെയ്പാ പെയ്ബികൾ എന്നറിയപ്പെടുന്ന മണിപ്പുരി വനിതകൾ മെയ്തെയ് പക്ഷത്തിനു വേണ്ടി സമരം ചെയ്യുകയാണ്. സുരക്ഷാ സൈനികരുടെ നീക്കം മണിപ്പുരി വനിതകൾ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പരാമർശം. തന്നെ സന്ദർശിച്ച ബിജെപി എംഎൽഎമാരോടാണ് അമിത് ഷാ മണിപ്പുരി വനിതകളെക്കുറിച്ച് പരാതിപ്പെട്ടത്. നിരോധിത ഭീകരസംഘടനയിലെ അംഗങ്ങളെ മണിപ്പുരി വനിതകൾ ബലമായി മോചിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വനിതകളെ നിയന്ത്രിച്ചാൽ 10 ദിവസം കൊണ്ട് കലാപം അവസാനിപ്പിക്കാമെന്നും ഷാ പറഞ്ഞിരുന്നു.

കുക്കി ഭീകരരെ അമർച്ച ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കൊകോമി പറഞ്ഞു. ഇതിനു പകരം സുരക്ഷാ ഏജൻസികൾ കുക്കി പക്ഷം പിടിച്ചിരിക്കുകയാണ്. അസം റൈഫിൾസിനെ മണിപ്പുരിൽ നിന്ന് പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ആധുനിക യന്ത്രത്തോക്കുകളുമായി യാത്ര ചെയ്യുകയായിരുന്ന 5 മെയ്തെയ് യുവാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെയും മണിപ്പുരി വനിതകൾ ഇംഫാൽ താഴ്‍വരയിൽ ഹർത്താൽ നടത്തി. ഇവരെ മോചിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു.

English Summary : Meithei organizations against Amit Shah on statement to control Manipuri women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com