ADVERTISEMENT

കൊൽക്കത്ത ∙ ജൂലൈ 6 മുതൽ കാണാതായിരുന്ന 2 മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ മണിപ്പുരിൽ വീണ്ടും സംഘർഷം. 17 വയസ്സുള്ള വിദ്യാർഥിനിയുടെയും 20 വയസ്സുള്ള സുഹൃത്തിന്റെയും കൊലയ്ക്കു മുൻപും പിൻപുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങി.

മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിക്കു മുൻപിൽ ആയിരക്കണക്കിനു വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി. മുപ്പതോളം പേർക്കു പരുക്കേറ്റു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാത്രിയും സംഘർഷം തുടരുകയാണ്. കേസ് സിബിഐക്കു വിട്ടു. സിബിഐ അന്വേഷണസംഘം പ്രത്യേകവിമാനത്തിൽ ഇന്ന് ഇംഫാലിലെത്തും. സിബിഐ സ്പെഷൽ ഡയറക്ടർ അജയ് ഭട്നഗറും സംഘത്തോടൊപ്പമുണ്ടാകുമെന്നു മുഖ്യമന്ത്രി എൻ. ബിരേൻസിങ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു 2 ദിവസം അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തു വീണ്ടും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 1വരെ 5 ദിവസത്തേക്കാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. 5 മാസത്തിനുശേഷം കഴിഞ്ഞദിവസം ഇന്റർനെറ്റ് പുനഃസ്ഥാപിച്ചയുടൻ വിദ്വേഷവാർത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുവെന്നാണ് ആക്ഷേപം.

ഹിജാം ലിൻതോയിങാബി എന്ന വിദ്യാർഥിനിയും സുഹ‍ൃത്ത് ഫിജാം ഹേമജിത്തും ആയുധധാരികളായ 2 പേരുടെ സാന്നിധ്യത്തിൽ പേടിച്ചരണ്ടിരിക്കുന്ന ചിത്രവും ഇരുവരും മരിച്ചുകിടക്കുന്ന ചിത്രവും ഇങ്ങനെ പ്രചരിച്ചിരുന്നു. കുക്കി ഭീകരരാണു കൊലയ്ക്കുപിന്നിലെന്നു മെയ്തെയ് സംഘടനകൾ ആരോപിച്ചു. കൊലപാതകം നടന്നത് എന്നാണെന്നു വ്യക്തമല്ല. അതേസമയം, ചിത്രം കൃത്രിമമായി നിർമിച്ചതാണെന്നു കുക്കി നേതാക്കൾ ആരോപിക്കുന്നത്. മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുരിലാണ് ഇവരെ അവസാനം കണ്ടതെന്നും കൊലയ്ക്കുപിന്നിൽ കുക്കികൾ ഇല്ലെന്നുമാണു അവരുടെ വിശദീകരണം.

ജൂലൈ 6നു ബിഷ്ണുപുരിലെ നംബോലിൽ ഇരുവരും ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും പൊലീസും കേന്ദ്ര സേനയും തിരച്ചിൽ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനിടെ, കാണാതായ പെൺകുട്ടിയുടെ കൊലപാതകത്തിന്റേതെന്ന പേരിൽ മറ്റൊരു വിഡിയോയും പ്രചരിച്ചു. എന്നാൽ ഇതു മ്യാൻമറിൽനിന്നുള്ള വിഡിയോ ആണെന്നു സ്ഥിരീകരിച്ചു.

English Summary: Clashes again in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com