അരുന്ധതി റോയിയെ 13 വർഷം മുൻപത്തെ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ നീക്കം
Mail This Article
ന്യൂഡൽഹി ∙ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ഉൾപ്പെടെ 4 പേർക്കെതിരെ 2010ൽ റജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടിക്ക് ഡൽഹി ലഫ്.ഗവർണർ വി.കെ.സക്സേന അനുമതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഭീകരപ്രവർത്തന നിരോധന നിയമത്തിലെയും (യുഎപിഎ) വകുപ്പുകൾ പ്രകാരമുള്ളതാണു കേസ്.
അരുന്ധതിക്കു പുറമേ, കശ്മീർ കേന്ദ്ര സർവകലാശാലയിലെ മുൻ പ്രഫസർ ഷെയ്ക് ഷൗക്കത്ത് ഹുസൈൻ, കശ്മീരിലെ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ സയ്യദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവർക്കെതിരെയുള്ളതാണു കേസ്. 2010 ഒക്ടോബർ 21ന് കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ മജിസ്ട്രേട്ട് കോടതി 2010 നവംബറിൽ നൽകിയ നിർദേശപ്രകാരമാണു കേസെടുത്തത്.
ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയിൽനിന്നു സ്വാതന്ത്ര്യം നേടാൻ ശ്രമിക്കണമെന്നും പ്രതികൾ പ്രസംഗിച്ചെന്നാണ് ആരോപണം. അലി ഷാ ഗീലാനിയും അബ്ദുൽ റഹ്മാൻ ഗീലാനിയും പിന്നീട് മരിച്ചു. വിദ്വേഷ പ്രസംഗം സംബന്ധിച്ച ഐപിസി 153എ,153 ബി, 505, രാജ്യദ്രോഹക്കുറ്റത്തിനുള്ള 124എ, നിയമവിരുദ്ധ പ്രവർത്തനത്തിന് 7 വർഷംവരെ തടവു ലഭിക്കാവുന്ന യുഎപിഎയുടെ 13–ാം വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്.
വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡൽഹി പൊലീസ്, ലഫ്. ഗവർണറുടെ അനുമതി വാങ്ങിയത്.
കേസിന് പ്രഥമ ദൃഷ്ട്യാ കാരണമുണ്ടെന്ന് ലഫ്. ഗവർണർ വിലയിരുത്തിയതായി രാജ്ഭവൻ വ്യക്തമാക്കി. ഐപിസി 124എ പ്രകാരം രാജ്യത്തെവിടെയും നടപടികളെടുക്കുന്നതു കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി വിലക്കിയിരുന്നു. അതിനാൽ മറ്റ് ഐപിസി വകുപ്പുകൾ പ്രകാരം മാത്രമാണ് അനുമതി.