ADVERTISEMENT

ഐസോൾ ∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനു ശക്തിപകർന്ന് രാഹുൽ ഗാന്ധിയുടെ പദയാത്ര. ഐസോൾ നഗരത്തിലെ ചാൻമാരിയിൽ നിന്നു രാജ്ഭവൻ വരെയുള്ള പദയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ദീർഘകാലത്തിനു ശേഷമാണ് രാഹുലിന്റെ മിസോറം സന്ദർശനം. 2 ദിവസത്തെ സന്ദർശനത്തിനായി എത്തിയ രാഹുൽ ഇന്നലെ വൈകിട്ട് വിദ്യാർഥികളുമായി സംവാദം നടത്തി. 

ഇന്നു മിസോറമിന്റെ തെക്കൻ മേഖലയിലുള്ള ലുങ് ലൈ ടൗണിൽ നടക്കുന്ന പ്രചാരണത്തിൽ പങ്കെടുക്കും. ടേബിൾടോപ് വിമാനത്താവളമായതിനാൽ ഐസോളിൽ ഇറങ്ങാൻ രാഹുലിന്റെ പ്രത്യേക വിമാനത്തിന് അനുമതിയില്ലായിരുന്നു. തുടർന്ന് അഗർത്തലയിൽ ഇറങ്ങി ഹെലികോപ്റ്ററിലാണു രാഹുൽ മിസോറം സന്ദർശനത്തിനെത്തിയത്. 

നവംബർ 7 ന് നടക്കുന്ന മിസോറം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മണിപ്പുരിലെ വംശീയകലാപമാണ്. കുക്കികളും മിസോകളും ഒരേ ഗോത്രപരമ്പരയുടെ ഭാഗമാണ്. ആയിരക്കണക്കിനു കുക്കി വിഭാഗക്കാരാണു കലാപത്തിനു ശേഷം മിസോറമിൽ അഭയം തേടിയത്. മിസോറം ഭരിക്കുന്ന മിസോ നാഷനൽ ഫ്രണ്ട് ബിജെപിയുമായി കൈകോർത്തിരിക്കുകയാണ്. ഇന്ത്യയെന്ന ആശയത്തെ നശിപ്പിക്കുന്നവരാണു ബിജെപി– രാഹുൽ കുറ്റപ്പെടുത്തി. 

ഇസ്രയേൽ സംഭവങ്ങളെക്കുറിച്ച് ആശങ്കാകുലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും മണിപ്പുരിൽ എന്തുസംഭവിക്കുന്നുവെന്നതിൽ ആശങ്കയില്ലെന്നു രാഹുൽ കുറ്റപ്പെടുത്തി. മിസോറമിൽ 1986 ലെ സമാധാനക്കരാറിലൂടെ ശാന്തികൊണ്ടുവന്നതു കോൺഗ്രസ് ആണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പുർ ഫലത്തിൽ 2 സംസ്ഥാനങ്ങളായി മാറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. 

സംസ്കാരം, ഭാഷ, മതം തുടങ്ങി രാജ്യത്തിന്റെ വൈവിധ്യങ്ങളെയാണ് ബിജെപി ആക്രമിക്കുന്നത്. ഒരു വലിയ പ്രശ്നത്തിന്റെ ലക്ഷണമാണ് മണിപ്പുർ. ഇതേ ലക്ഷണങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കാണാം. ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, ദലിതർ എന്നിവർ അരക്ഷിതാവസ്ഥയിലാണ്. മിസോറമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്കാരവും ഭാഷയും മതവിശ്വാസവും സംരക്ഷിച്ച് സംസ്ഥാനത്തെ പുതിയ ദിശയിലേക്കു കൊണ്ടുപോകും– രാഹുൽ പറഞ്ഞു. 

മിസോ നാഷനൽ ഫ്രണ്ടും പുതുതായി ആരംഭിച്ച സൊറാം പീപ്പിൾസ് മൂവ്മെന്റും (സെഡ് പിഎം) തമ്മിലാണ് മിസോറമിലെ പ്രധാന മത്സരം. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകൾ നിർണായകമായിരിക്കും. ഒരുകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അടക്കി ഭരിച്ച കോൺഗ്രസിന് നിലവിൽ ഈ മേഖലയിൽ ഒരിടത്തും ഭരണമില്ല. പ്രാദേശിക കക്ഷികളുമായി ചേർന്ന് ഭരണത്തിന്റെ ഭാഗമാകാനാണു പാർട്ടിയുടെ ശ്രമം. 

English Summary:

Rahul Gandhi's rally in Mizoram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com