പ്രാർഥന എന്നും കരുത്ത്: ജസ്റ്റിസ് ചന്ദ്രചൂഡ്
Mail This Article
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കറുടെ പ്രിയ ശിഷ്യ പ്രഭയ്ക്കും ഇന്ത്യയുടെ പതിനാറാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡിനും വൈകിയുണ്ടായ രണ്ടാമത്തെ കുട്ടിക്ക് ഒറ്റയ്ക്കിരിക്കാനായിരുന്നു ഇഷ്ടം. 14 വയസ്സിനു മൂത്ത പെങ്ങളോടും മിണ്ടാതെ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് നാണംകുണുങ്ങിയായി മാറുന്നതു കണ്ട് അധ്യാപകർ വീട്ടുകാരെ ഉപദേശിച്ചു: ‘മകന് ഒരു നായ്ക്കുട്ടിയെ വാങ്ങിക്കൊടുക്കൂ. കൂട്ടാകട്ടെ.’
കുട്ടിക്കാലം മുതലുള്ള ഈ ഉൾവലിയൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ശേഷവും സ്വഭാവസവിശേഷതയായി തുടരുന്നതിനെപ്പറ്റിയും അധികമാർക്കുമറിയാത്ത വ്യക്തിജീവിതത്തെപ്പറ്റിയും ദ് വീക്ക് അഭിമുഖത്തിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മനസ്സു തുറക്കുന്നത്.
സംഗീതം പ്രിയമായിരുന്ന മകനെ വൈ.വി.ചന്ദ്രചൂഡ് തബലയും ഹാർമോണിയവും പഠിപ്പിച്ചിരുന്നു. മകൻ മനോഹരമായി തബല വായിക്കുന്നതു കേട്ട്, ഡോക്ടറോ അഭിഭാഷകനോ ആകാതെ തബല വിദ്വാനായിപ്പോകുമോ എന്നു ഭയന്ന അച്ഛൻ തബലപഠനം അവസാനിപ്പിച്ചു. പക്ഷേ കോളജിൽ പഠിക്കുന്ന കാലത്ത് സംഗീതത്തെ തിരികെ കൂടെ കൂട്ടിയ ധനജ്ഞയ് ഓൾ ഇന്ത്യ റേഡിയോയ്ക്കു വേണ്ടി ഡിസ്ക് ജോക്കിയായി. വൈകാതെ റേഡിയോ അവതാരകനുമായി.
ആദ്യ ഭാര്യ രശ്മി അർബുദം ബാധിച്ചാണു മരിച്ചത്. ഈ ബന്ധത്തിലെ മക്കൾ അഭിനവും ചിന്തനും അറിയപ്പെടുന്ന അഭിഭാഷകരാണ്. ചന്ദ്രചൂഡിന്റെ മുത്തച്ഛന്റെ കാലം മുതൽ കുടുംബത്തിൽ വേരോടിയ നിയമ താൽപര്യം പുതിയ തലമുറയിലും തുടരുന്നു. ചന്ദ്രചൂഡിന്റെ സഹോദരിയും നിയമമാണു പഠിച്ചത്. ബോംബെ യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്കുകാരിയായിരുന്നു. 1971ൽ വിവാഹം കഴിഞ്ഞ് യുഎസിലെ ഇൻഡ്യാനയിലേക്കു കുടിയേറി. കൊളോണിയൽ പിന്തുടർച്ചയുള്ള നിയമസംവിധാനത്തിന്റെ കാര്യശേഷിയും ഉത്തരവാദിത്തബോധവും വർധിപ്പിക്കണമെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നത്തെപ്പറ്റി ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്.
2008 ൽ ആണ് കൽപനയെ വിവാഹം ചെയ്തത്. താനും കൽപനയും കൂടി പോകാത്തൊരിടവും ഇന്ത്യയിൽ ബാക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. ഭിന്നശേഷിക്കാരായ പ്രിയങ്കയെയും മഹിയെയും 2015ൽ ദത്തെടുത്തു. അന്നു ചന്ദ്രചൂഡ് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. പ്രിയങ്കയും മഹിയും വളർന്ന ഉത്തരാഖണ്ഡിലെ ഗ്രാമത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ട സ്കൂളുകൾ ഇല്ലായിരുന്നു. ഡൽഹിയിൽ സംസ്കൃതി എന്ന സ്കൂളിലാണിപ്പോൾ ഇരുവരും.
അൽപം സമയം വീണു കിട്ടിയാൽ സംഗീതം കേൾക്കാനും പുസ്തകം വായിക്കാനുമാണ് ഇഷ്ടം. പ്രിയങ്കയും മഹിയും അച്ഛന്റെ ഫോണിൽ മ്യൂസിക് ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ടാകും. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ അതാണു കേൾക്കുന്നത്. പണ്ടൊക്കെ ദിവസം 30 പേജ് വായിക്കാൻ പറ്റിയിരുന്നെങ്കിൽ, ഇപ്പോൾ 10 പേജ് തീർക്കാൻ സമയം കിട്ടിയാലായി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന പശ്ചാത്തലത്തിൽ അലൻ പേറ്റൺ എഴുതിയ ക്രൈ ദ് ബിലവഡ് കൺട്രിയാണ് ഏറ്റവും സ്വാധീനിച്ച പുസ്തകം. പല തവണ വായിച്ച്, പേജുകൾ പലതും കാണാപ്പാഠമാണ്. സോമർസെറ്റ് മോം ആണ് പ്രിയപ്പെട്ട മറ്റൊരു എഴുത്തുകാരൻ.
ഉറക്കമില്ലായ്മ കൊണ്ടു വലഞ്ഞിരുന്ന അച്ഛൻ വൈ.വി.ചന്ദ്രചൂഡ് യോഗയിലും ധ്യാനത്തിലും ആശ്വാസം കണ്ടെത്തിയതിന്റെ ഓർമയിലാണ് ചന്ദ്രചൂഡ് ഇളയ മകന് ചിന്തൻ എന്നു പേരിട്ടത്. ചിന്തയെന്നാൽ ധ്യാനം, മനനം. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ യോഗാധ്യാപകൻ പുണെയിലാണ്. ഇപ്പോൾ 90 വയസ്സുണ്ട്. പുലർച്ചെയുള്ള പ്രാർഥന മുടക്കാറില്ല. പ്രാർഥിച്ചിട്ടേ വീട്ടിൽനിന്ന് ഇറങ്ങാറുമുള്ളൂ.
ആദ്യ ഭാര്യ അർബുദം വന്നു മരിച്ചതിന്റെ ആഘാതത്തിൽനിന്നു കരകയറിയത് പ്രാർഥനയുടെ കരുത്തിലാണ്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി ഏറ്റവും വെല്ലുവിളി നേരിട്ട ജീവിതഘട്ടവും ആ രോഗകാലമായിരുന്നു. ഭാര്യ മരിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛന്റെയും മരണം. ഒരു വിഷമഘട്ടത്തിൽപോലും ജോലിയിലെ ശ്രദ്ധ കുറഞ്ഞില്ല. ആ സന്തുലനം കുടുംബജീവിതത്തെ ധന്യമാക്കി. പ്രതിസന്ധികളെ അതിജീവിച്ചതുൾപ്പെടെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അറിയപ്പെടാത്ത ജീവിതകഥകൾ നിറഞ്ഞ സുദീർഘമായ അഭിമുഖമാണ് ‘ദ് വീക്ക്’ പുതിയ ലക്കത്തിൽ.