ബാഗേലിനെതിരെ ഇഡി നീക്കം; കമ്മിഷന് പരാതി
Mail This Article
ന്യൂഡൽഹി ∙ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലക്ഷ്യമിട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇഡി ഉയർത്തിയ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കമ്മിഷൻ ഇടപെടണമെന്നും അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു.
ബാഗേലിനെതിരായ കോഴവിവാദത്തിനു വഴിവച്ച മഹാദേവ് വാതുവയ്പ് ആപ്പിനെതിരെ ആദ്യം നടപടിയെടുത്തത് ഛത്തീസ്ഗഡ് സർക്കാരാണ്. സംസ്ഥാന സർക്കാർ 18 മാസം മുൻപ് ആരംഭിച്ച അന്വേഷണത്തിൽ 499 പേരെ അറസ്റ്റ് ചെയ്തു. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആപ്പിന്റെ പ്രമോട്ടർമാരെ അറസ്റ്റ് ചെയ്യാനും ആപ് നിരോധിക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അക്കാര്യത്തിൽ ഇതുവരെ മൗനം പാലിച്ച കേന്ദ്രം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇഡി മുഖേന ബാഗേലിനെതിരെ ആരോപണവുമായി രംഗത്തുവന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം സംസ്ഥാനത്തിന്റെ അനുമതിക്കായി കാത്തുനിൽക്കുന്നതെന്തിനാണെന്നും സിങ്‌വി ചോദിച്ചു.