ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ തെഗ്നോപാൽ ജില്ലയിൽ മ്യാൻമർ അതിർത്തിക്കു സമീപം സായുധഗ്രൂപ്പുകൾ തമ്മിലുള്ള വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ്തെയ് സായുധസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണു വിവരം. 

ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്ത് സെയ്ബോലിനു സമീപത്തെ ലെയ്തു എന്ന കുക്കി ഗ്രാമത്തിലാണ് 13 യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. കുക്കി ഗ്രാമങ്ങളിലൂടെ മ്യാൻമർ അതിർത്തി കടക്കാൻ ശ്രമിച്ച മെയ്തെയ് സായുധസംഘടനയിൽപ്പെട്ടവരുമായി കുക്കി സായുധ ഗ്രൂപ്പുകൾ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവർ പ്രദേശത്തുള്ളവരല്ലെന്നു പൊലീസ് പറഞ്ഞു.

മ്യാൻമറിലെ പിഎൽഎ ക്യാംപിൽ പരിശീലനത്തിനു പോയതാണ് മെയ്തെയ് സംഘമെന്നു കരുതുന്നു. ഇവർ വഴിതെറ്റി കുക്കി ഗ്രാമത്തിൽ എത്തിപ്പെടുകയായിരുന്നു. നാഗാ ഗ്രാമമാണെന്നു കരുതി അടച്ചിട്ട വീട്ടിൽ കയറി പാചകം ചെയ്യുമ്പോൾ കുക്കി ഗ്രാമസംരക്ഷണ സംഘാംഗങ്ങൾ വീടുവളയുകയായിരുന്നുവെന്നു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 

വെടിവയ്പിനു പുറമേ വെട്ടേറ്റും പലരും കൊല്ലപ്പെട്ടു. ചിലർ ഓടിരക്ഷപ്പെട്ടു. 2 ഗ്രൂപ്പുകൾ തമ്മിൽ വെടിവയ്പു നടക്കുന്ന വിവരം ലഭിച്ച അസം റൈഫിൾസ് ഉച്ചയോടെ സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മണിപ്പുരിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.  

ഇതേസമയം, കൊല്ലപ്പെട്ടവർ മറ്റൊരു മെയ്തെയ് സായുധഗ്രൂപ്പായ യുഎൻഎൽഎഫ് അംഗങ്ങളാണെന്നു കുക്കി ഗ്രൂപ്പുകൾ ആരോപിച്ചു. ഏതാനും ദിവസം മുൻപ് യുഎൻഎൽഎഫ് സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ടിരുന്നുവെങ്കിലും സംഘടനയിലെ ഒരുവിഭാഗം ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിലാണു മരണമെന്നാണു കൂക്കി ഗ്രൂപ്പുകളുടെ ആരോപണം. 

മേയ് 3ന് ആരംഭിച്ച മണിപ്പുർ കലാപത്തിൽ 200 ൽ അധികം പേരാണു കൊല്ലപ്പെട്ടത്. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി. ഇംഫാൽ നഗരത്തിൽനിന്നു കുക്കികൾ ഒഴിഞ്ഞുപോയപ്പോൾ കുക്കി മേഖലകളിൽനിന്നു മെയ്തെയ്കളും ഒഴിഞ്ഞുപോയിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അവരുടെ സമുദായങ്ങൾക്കു ഭൂരിപക്ഷമുള്ള പ്രദേശത്തേക്കു മാറിയിരിക്കുകയാണ്. കുക്കി-മെയ്തെ്യ് മേഖലകളെ വേർതിരിക്കുന്ന ബഫർ സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞദിവസം ഇന്റർനെറ്റ് പുനഃസ്ഥാപിച്ചിരുന്നു. 

മെയ്തെയ് ഗ്രൂപ്പുകൾ പലത്

പല നിരോധിത മെയ്തെയ് ഭീകരസംഘടനകൾ മ്യാൻമർ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രബലരായ യുഎൻഎൽഎഫ് കഴിഞ്ഞ ദിവസമാണ് സർക്കാറുമായി സമാധാനക്കരാർ ഒപ്പിട്ടത്. പാംബായി വിഭാഗം ഒപ്പിട്ട കരാറിനെതിരെ മറ്റൊരു വിഭാഗം രംഗത്തുവന്നു.

English Summary:

Armed groups clash in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com