‘മിഷോങ്’ ആന്ധ്രയിൽ കര തൊട്ടു; ചെന്നൈയിൽ മഴ നിലച്ചു, മരണം 12, പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ
Mail This Article
ചെന്നൈ ∙ ‘മിഷോങ്’ ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു കര തൊട്ടു. ഇതേസമയം, ചെന്നൈയിൽ രണ്ടുദിവസമായി തുടർച്ചയായി പെയ്ത മഴ ഇന്നലെ നിലച്ചു. മഴയിലും കാറ്റിലും വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. 11 പേർക്കു പരുക്കേറ്റു.
ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈദ്യുതിയും ജല വിതരണവും പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മൊബൈൽ നെറ്റ്‍വർക്കും താറുമാറായ നിലയിലാണ്.
വിമാനത്താവളം ഇന്നലെ പ്രവർത്തിച്ചു. മെട്രോ ട്രെയിനുകളും സർവീസ് നടത്തി. ലോക്കൽ ട്രെയിനുകൾ ഇന്നു മുതൽ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.
ആമിർഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി
ചെന്നൈ∙ പ്രളയത്തിൽ കുടുങ്ങിയ ബോളിവുഡ് നടൻ ആമിർഖാൻ, തമിഴ് നടൻ വിഷ്ണു വിശാൽ, നടി കനിഹ എന്നിവരെ രക്ഷപ്പെടുത്തി. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം തങ്ങളെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങൾ പിന്നീട് വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മാതാവ് സീനത്ത് ഹുസൈന്റെ ചികിത്സയ്ക്കായി കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈയിൽ എത്തിയതാണ് ആമിർഖാൻ. അമ്മ കഴിയുന്ന സ്വകാര്യ ആശുപത്രിയുടെ അടുത്തുതന്നെ കാരപ്പാക്കത്തെ ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈയിലേക്കുള്ള സർവീസുകൾ മുടങ്ങിയില്ല
തിരുവനന്തപുരം ∙ ചെന്നൈയിലെ പ്രളയത്തെ തുടർന്ന് ഇന്നലെ കേരളത്തിലേക്കുള്ള ചെന്നൈ–തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ–ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നു ചെന്നൈയിലേക്കുള്ള സർവീസുകൾ മുടക്കമില്ലാതെ ആരംഭിച്ചു.