ഭീകരാക്രമണ പദ്ധതി: 15 പേരെ എൻഐഎ അറസ്റ്റ് ചെയ്തു
Mail This Article
മുംബൈ, ബെംഗളൂരു ∙ രാജ്യത്തുടനീളം ഭീകരാക്രമണം നടത്താൻ ഐഎസുമായി ചേർന്നു പദ്ധതിയിട്ടെന്ന കേസിൽ മഹാരാഷ്ട്രയിൽ 15 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഐഎസ് മൊഡ്യൂളിന്റെ തലവനെന്നു സംശയിക്കുന്നയാളും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ താനെ, പുണെ ഉൾപ്പെടെ 43 ഇടങ്ങളിലും കർണാടകയിൽ ബെംഗളൂരുവിലുമായിരുന്നു റെയ്ഡ്.
മുംബൈ സ്വദേശി അലി അബ്ബാസിന്റെ വീട്ടിലായിരുന്നു ബെംഗളൂരുവിലെ പരിശോധന. 3 വർഷമായി ഇവിടെയുള്ള അലി സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഡോക്ടറായ ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പമാണു താമസം. വീടിനോടു ചേർന്നു ക്ലിനിക്കും നടത്തുന്നു. ഇവിടെ നിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്, രേഖകൾ എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു.
പുണെ കേന്ദ്രീകരിച്ചുള്ള ഐഎസ് കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വനമേഖലകളിൽ ആയുധ പരിശീലനം നടത്തുകയും സ്ഫോടനങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തെന്ന കേസിൽ 7 പേർക്കെതിരെ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു.