ADVERTISEMENT

ന്യൂഡൽഹി ∙ 2001 ലെ ഭീകരാക്രമണത്തിനു ശേഷം പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങൾ ഏറെ ശക്തമാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പലമടങ്ങ് വർധിപ്പിച്ചു. ആധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചു. അത്യാധുനിക ആന്റി ടെററിസ്റ്റ് വാഹനങ്ങളും ആയുധങ്ങളുമാണു സുരക്ഷാ വിഭാഗം ഉപയോഗിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണുള്ളത്. ഇതെല്ലാം മറികടന്ന് അക്രമികൾ എങ്ങനെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു എന്ന ചോദ്യമാണുയരുന്നത്.

പാർലമെന്റിനു സുരക്ഷയൊരുക്കാൻ 3 വിഭാഗങ്ങളുണ്ട്. പാർലമെന്റ് സുരക്ഷയ്ക്കായി നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന പാർലമെന്റ് സെക്യൂരിറ്റി സർവീസാണ് ഒരു വിഭാഗം. സാങ്കേതികപിന്തുണ നൽകാൻ ചിലർ ഡപ്യൂട്ടേഷനിലും എത്താറുണ്ട്. പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പാണ് (പിഡിജി) രണ്ടാം വിഭാഗം. കേന്ദ്ര റിസർവ് പൊലീസ് സേനയിൽനിന്നാണു പിഡിജി രൂപീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ 1500 കമാൻഡോകളാണ് ഇതിൽ.

ഡൽഹി പൊലീസാണു മൂന്നാം വിഭാഗം. ട്രാഫിക് നിയന്ത്രണവും സന്ദർശകരുടെ ശരീരപരിശോധനയുമെല്ലാം ഇവരുടെ ചുമതലയാണ്. പാർലമെന്റ് സമ്മേളനഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരും സുരക്ഷയുടെ ഭാഗമായുണ്ട്. സന്ദർശകരുടെ സ്വഭാവരീതികൾ നിരീക്ഷിച്ചും മറ്റും കൂടുതൽ പരിശോധന നടത്താനും പ്രശ്നക്കാരെ തടയാനുമുള്ള സ്പോട്ടേഴ്സ് ആയാണ് ഡപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത്.

കർശന പരിശോധന പിന്നിട്ടെത്തുന്നവരായാലും പുതിയ പാർലമെന്റ് വളപ്പിൽ നടക്കാനുള്ള വഴികളുടെ കാര്യത്തിലടക്കം സന്ദർശകർക്കു കർശന നിയന്ത്രണങ്ങളുണ്ട്. പാർലമെന്റ് മന്ദിരത്തിന്റെ വാതിലുകളിലേക്ക് നിശ്ചിത വഴികളിലൂടെ മാത്രമേ നടക്കാനാകൂ. മാറി നടന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിവീഴും. പ്രധാനമന്ത്രിയോ മറ്റോ മന്ദിരത്തിൽ ഉണ്ടെങ്കിൽ ചില വഴികൾ പൂർണമായും അടയ്ക്കും.

സുരക്ഷാ ജീവനക്കാർ കുറവ്; പുതിയ നിയമനങ്ങളില്ല 

പാർലമെന്റിലെ ജീവനക്കാരുടെ കുറവ് സുരക്ഷാസംവിധാനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വിമർശനമുയർന്നു. പാർലമെന്റ് സെക്യൂരിറ്റി സർവീസസിൽ സ്പെഷൽ ഡയറക്ടർ മുതൽ സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ്–2 വരെ 301 തസ്തികകളാണ് ആകെ അനുവദിച്ചിട്ടുള്ളത്. എന്നാൽ, 176 പോസ്റ്റുകളിൽ മാത്രമാണ് ഇപ്പോൾ ഉദ്യോഗസ്ഥരുള്ളത്. പുതിയ നിയമനങ്ങൾ നടത്തിയിട്ടു 10 വർഷത്തിലേറെയായെന്നാണു വിവരം.

English Summary:

Parliament Security Breach: Where did security fail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com