ADVERTISEMENT

കൊൽക്കത്ത∙ മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട അറുപതിലേറെ ഗോത്രവിഭാഗക്കാരുടെ കൂട്ടസംസ്കാരം ഇന്ന് ചുരാചന്ദ്പുരിൽ നടക്കും. സംസ്കാരം സംബന്ധിച്ച് ഒരേ ഗോത്രത്തിലെ ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധിച്ചു. 

ചുരാചന്ദ്പുരിൽ എത്തിച്ച മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാട്ടായിലെ ഗോത്ര രക്തസാക്ഷി പാർക്കിന് സമീപം സാക്കേനിലാണു  മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. മേയ് 3 ന് ആരംഭിച്ച കലാപത്തിന്റെ ആദ്യദിനങ്ങളിൽ ഇംഫാൽ താഴ്​വരയിൽ കൊല്ലപ്പെട്ടവരാണ് ഇവർ. സുപ്രീം കോടതി ഇടപെട്ടതിനെത്തുടർന്നാണു കഴിഞ്ഞയാഴ്ച ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ എത്തിച്ചത്.

കുക്കി, സോമി സ്റ്റുഡന്റ് അസോസിയേഷനുകൾ തമ്മിൽ കഴിഞ്ഞ ദിവസം സംസ്കാരം സംബന്ധിച്ച് തർക്കമുണ്ടായെങ്കിലും അതു പരിഹരിച്ചു. പ്രത്യേക ഭരണപ്രദേശം ഉൾപ്പെടെ ഗോത്രവിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കും വരെ മൃതദേഹങ്ങൾ സംസ്കരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തപ്പോൾ മൃതദേഹങ്ങൾ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് മറുവിഭാഗവും പറഞ്ഞു. തുടർന്നു നടന്ന സംഘർഷത്തിൽ സോമി വിഭാഗത്തിൽപ്പെട്ട ഒട്ടേറെ പേർക്കാണു പരുക്കേറ്റത്. ഗോത്രാചാരപ്രകാരം കുക്കി സംഘടന മാപ്പുപറയുകയും സോമി ഗോത്രസംഘടന അംഗീകരിക്കുകയും ചെയ്തു. ഒരേ വംശാവലിയിൽപ്പെട്ടവരാണ് കുക്കികളും സോമികളും.

സംസ്കാരത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ജില്ലയിൽ നിരോധനാജ്ഞയുണ്ടെങ്കിലും സംസ്കാരച്ചടങ്ങിൽ ആയിരങ്ങൾ പങ്കെടുക്കും. ആയുധങ്ങളുമായി പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Mass funeral Today; Caution in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com