ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുർ കലാപകാലത്തു പൊലീസിൽനിന്നു കവർന്നെടുത്ത ആയുധങ്ങൾ ഉപയോഗിച്ച് ഇംഫാൽ താഴ്‌വരയിൽ കൊള്ളയും പിടിച്ചുപറിയും വ്യാപകമായി. വ്യാപാരസ്ഥാപനങ്ങളുടെയും ബ്യൂട്ടിപാർലറുകളുടെയും ഉടമകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായെന്നു പൗരസംഘടനകൾ പറഞ്ഞു.

മണിപ്പുർ നർകോട്ടിക്സ് ആൻഡ് ബോർഡർ അഫയേഴ്സ് മുൻ എഎസ്പി തൗനാജം ബൃന്ദയുടെ വീട് ഇന്നലെ അക്രമികൾ അടിച്ചുതകർത്തു. തീവ്ര മെയ്തെയ് ഗ്രൂപ്പുകളായ ആരംഭായ് തെംഗോൽ ആണ് ആക്രമണത്തിനു പിന്നിലെന്നാണു കരുതുന്നത്. മണിപ്പുർ കലാപകാലത്തു മെയ്തെയ് വിഭാഗത്തിലെ വിമതസ്വരമായിരുന്നു ബൃന്ദയുടേത്. കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനു പങ്കുണ്ടെന്നും ബൃന്ദ ആരോപിച്ചിരുന്നു. ഇതിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ഇന്നലെത്തെ ആക്രമണം.

നിരോധിത മെയ്തെയ് ഭീകരസംഘടനയായ യുഎൻഎൽഎഫിന്റെ ചെയർമാനായിരുന്ന ആർ.കെ.മേഗന്റെ മകന്റെ ഭാര്യയാണു ബൃന്ദ. ലഹരി മാഫിയയ്ക്കെതിരെ കടുത്ത നടപടിയെടുത്ത അവർ പിന്നീട് ബിരേൻ സിങ്ങിന്റെ ഇടപെടലിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഇംഫാൽ താഴ്‌വരയിൽ നിയമവാഴ്ചയില്ലെന്നു നാഗാ പീപ്പിൾസ് യൂണിയനും ആരോപിച്ചു.കൊള്ളയും തട്ടിക്കൊണ്ടുപോകലും അവസാനിപ്പിക്കണമെന്നു ഫോറം ഫോർ റെസ്റ്റോറേഷൻ ഓഫ് പീസ് ഗവർണർക്ക് നിവേദനം നൽകി. അയ്യായിരത്തിൽ അധികം തോക്കുകളാണു കലാപത്തിന്റെ ആദ്യനാളുകളിൽ ഇംഫാലിൽ ജനക്കൂട്ടം കൊള്ളയടിച്ചത്. പൊലീസ് തന്നെ തോക്കുകളും വെടിയുണ്ടകളും മെയ്തെയ് യുവാക്കൾക്ക് കൈമാറുകയായിരുന്നു.

ഇംഫാലിൽ ക്ഷേത്രഭൂമി സംബന്ധിച്ച് മെയ്തെയ് വിഭാഗവും ഇതരസംസ്ഥാന ഹിന്ദു വിശ്വാസികളും തമ്മിൽ സംഘർഷം. തീവ്ര മെയ്തെയ് സംഘടനയായ മെയ്തെയ് ലീപുണിന്റെ തലവൻ പ്രമോദ് സിങ് എതിർവിഭാഗത്തിനു നേരെ വെടിയുതിർത്തു. പൊലീസ് കേസെടുത്തു. ഹിന്ദു ക്ഷേത്രത്തിനായി മെയ്തെയ് ക്ഷേത്രഭൂമി കവർന്നുവെന്നാണ് ആരോപണം. മെയ്തെയ് പരമ്പരാഗത വിശ്വാസമായ സനാമഹിസത്തെ പുനരുജ്ജീവിപ്പിക്കുന്ന സംഘടന കൂടിയാണു മെയ്തെയ് ലീപുൺ.

English Summary:

Robbery in Imphal with police weapons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com