ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരുന്നു;പത്മശ്രീ വഴിയിൽ ഉപേക്ഷിച്ചു
Mail This Article
ന്യൂഡൽഹി ∙ ഗുസ്തി താരം സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു ബൂട്ടഴിച്ചതിനു പിന്നാലെ, ഒളിംപിക് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയ തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ഡൽഹി കർത്തവ്യപഥിലെ നടവഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. പുരസ്കാരം തിരികെ നൽകുന്നുവെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രിക്കെഴുതിയ കത്ത് സമൂഹമാധ്യമമായ‘എക്സി’ൽ പരസ്യമാക്കിയതിനു പിന്നാലെയാണ് പുനിയ കർത്തവ്യപഥിലെത്തിയത്.
പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിൽ നേരിൽക്കണ്ടു പുരസ്കാരം മടക്കിനൽകാനുള്ള പുനിയയുടെ ശ്രമം പൊലീസ് തടഞ്ഞു. തുടർന്നു കത്തും പുരസ്കാരവും വഴിയിൽ വച്ചു മടങ്ങി. ഇവ പൊലീസെത്തി നീക്കം ചെയ്തു. പ്രതിഷേധം ഒരു തരത്തിലും തന്റെ കായിക ജീവിതത്തെ ബാധിക്കില്ലെന്നും പാരിസ് ഒളിംപിക്സിനു വേണ്ടിയുള്ള തയാറെടുപ്പിലാണെന്നും ബജ്‌രംഗ് പുനിയ പറഞ്ഞു. ഗുസ്തി ഉപേക്ഷിക്കുകയാണെന്നും ഇനി തന്നെ ഗോദയിൽ കാണില്ലെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം സാക്ഷി മാലിക് ബൂട്ടഴിച്ചത്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ്ങിനെ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്യുഎഫ്ഐ) പ്രസിഡന്റായി തിരഞ്ഞെടുത്തതിനെതിരെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ബ്രിജ് ഭൂഷന്റെ അണികളെ ഫെഡറേഷനിൽ അടുപ്പിക്കരുതെന്നു ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ബജ്‌രംഗ് പുനിയയും സാക്ഷി മാലിക്കും ഇന്നലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചു.
ശ്വാസംമുട്ടി കഴിയാനാകില്ല;പ്രധാനമന്ത്രിക്ക് ബജ്‌രംഗ് പുനിയ അയച്ച കത്തിൽനിന്ന്:
‘‘വനിതാ താരങ്ങൾക്കു ലഭിക്കാത്ത പരിഗണനയും ബഹുമാനവും എനിക്കും വേണ്ട. വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പോടെ ഗുസ്തി ഫെഡറേഷൻ വീണ്ടും ബ്രിജ്ഭൂഷണിന്റെ കൈകളിലായി. മുൻപ് എങ്ങനെ ഫെഡറേഷനെ കൈകാര്യം ചെയ്തോ, അതുപോലെതന്നെ ഇനിയും തുടരുമെന്ന് ബ്രിജ്ഭൂഷൺ പ്രഖ്യാപിക്കുകയും ചെയ്തു. അവർ മാലയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ അങ്ങയുടെ പക്കലെത്തിയിട്ടുണ്ടാവും. അവരുടെ നിഴൽപോലും വനിതാ താരങ്ങളെ ഭയപ്പാടിലാക്കുന്നു
കടുത്ത മാനസിക സമ്മർദത്താലാണ് ഗുസ്തി ഉപേക്ഷിക്കാൻ സാക്ഷി തീരുമാനിച്ചത്. സമരത്തിന്റെ ഭാഗമായിരുന്ന ഗുസ്തി താരങ്ങളെല്ലാം കഴിഞ്ഞ രാത്രിയിൽ കരയുകയായിരുന്നു.സർക്കാരും ജനങ്ങളും എനിക്ക് ഏറെ ആദരം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ആദരത്തിന്റെ ഭാരത്തിൽ ശ്വാസംമുട്ടി കഴിയേണ്ടതുണ്ടോ?