നീതിക്കായുള്ള ശ്രമം പെരുവഴിയിൽ; ഖേൽരത്ന, അർജുന അവാർഡുകൾ വിനേഷ് ഫോഗട്ട് വഴിയിലുപേക്ഷിച്ചു
Mail This Article
ന്യൂഡൽഹി ∙ നീതിക്കുവേണ്ടിയുള്ള ശ്രമം ഇപ്പോഴും പെരുവഴിയിലാണെന്നു വ്യക്തമാക്കി ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന അവാർഡുകൾ വഴിയിലുപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ മെഡൽ ഉപേക്ഷിച്ചു പ്രതിഷേധിക്കാനായിരുന്നു നീക്കമെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന്, ഇന്ത്യ ഗേറ്റിന് അഭിമുഖമായുള്ള കർത്തവ്യപഥിലാണ് മെഡലുകൾ ഉപേക്ഷിച്ചത്. ഇവ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുമെന്ന് വിനേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വീണ്ടും വഞ്ചിതരാകുന്നുവെന്ന തോന്നൽ താരങ്ങൾക്കുണ്ടായത്. സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചു; പിന്തുണയുമായി ഒളിംപിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പത്മശ്രീ പുരസ്കാരം കർത്തവ്യപഥിൽ ഉപേക്ഷിച്ചു.
പുതിയ ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടം ഗുസ്തിതാരങ്ങൾക്കു തുടരേണ്ടി വരുമ്പോൾ ഇത്തരം അംഗീകാരങ്ങൾക്ക് അർഥമില്ലെന്ന് വിനേഷ് പറഞ്ഞു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിൽ വിനേഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി പിരിച്ചുവിട്ടതിനു പിന്നാലെ ഫെഡറേഷന്റെ നടത്തിപ്പിനായി കായികമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മൂന്നംഗ താൽക്കാലികസമിതിയെ വച്ചിരുന്നു.