ഇംഫാൽ ഭീകരരുടെ പിടിയിൽ; പൊലീസിനു മുന്നിൽ റോഡ്ഷോ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ വംശീയകലാപം തുടരുമ്പോൾ റോക്കറ്റ് ലോഞ്ചറുകളുമായി ഇംഫാൽ താഴ്വരയിൽ തീവ്ര മെയ്തെയ് സംഘടനയുടെ റോഡ് ഷോ. പട്ടാപ്പകൽ തുറന്ന ജീപ്പിലാണ് റോക്കറ്റ് ലോഞ്ചറും യന്ത്രത്തോക്കുകളുമായി ആരംഭായ് തെംഗോൽ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തകർ റോന്ത് ചുറ്റുന്നത്. അയ്യായിരത്തോളം യന്ത്രത്തോക്കുകളും മറ്റുമാണ് പൊലീസിന്റെ ആയുധപ്പുരകളിൽ നിന്നും കലാപദിനങ്ങളിൽ കവർന്നിരുന്നത്. ഇതിൽ ആയിരത്തോളം തോക്കുകൾ മാത്രമാണ് തിരികെ ലഭിച്ചത്.
ഇംഫാൽ താഴ്വരയിൽ ക്രമസമാധാനനില സമ്പൂർണമായി തകർന്നു. കവർന്നെടുത്ത ആയുധങ്ങളുമായി കൊള്ളയും തട്ടിക്കൊണ്ടുപോകലും തുടരുകയാണ്. തീവ്ര മെയ്തെയ് സംഘടനകൾക്കൊപ്പം മറ്റു ചില നിരോധിത ഭീകരസംഘടനകളും കൈകോർത്തിരിക്കുകയാണ്. പൊലീസിന്റെ മുന്നിലൂടെയാണ് ആയുധങ്ങളുമായുള്ള പ്രകടനം.
മ്യാൻമർ അതിർത്തിക്കുള്ളിൽ ക്യാംപ് ചെയ്തിരുന്ന നിരോധിത സംഘടനകളുടെ കേഡറുകൾ കലാപത്തിൽ പങ്കെടുക്കാനായി ഇംഫാലിൽ എത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് പംഗൽ, നാഗാ സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. കലാപത്തിനായി അനവധി വാഹനങ്ങൾ കവചിതവാഹനങ്ങളാക്കി രൂപമാറ്റം വരുത്തിയിട്ടുണ്ട്.
ഭീകരാക്രമണം: 7 സൈനികർക്ക് പരുക്കേറ്റു
കൊൽക്കത്ത ∙ ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണമായ മോറെയിൽ നടന്ന ഭീകരാക്രമണത്തിൽ 7 സുരക്ഷാ സൈനികർക്ക് പരുക്കേറ്റു. മ്യാൻമറിൽ ക്യാംപ് ചെയ്യുന്ന നിരോധിത കുക്കി സംഘടനയായ കുക്കി നാഷനൽ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നു തെളിവ് ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. 5 ബിഎസ്എഫ് ജവാന്മാർക്കും 2 മണിപ്പുർ പൊലീസ് ഉദ്യോഗസ്ഥർക്കുമാണു പരുക്കേറ്റത്. പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ ഇംഫാലിൽ എത്തിച്ചു.
രാവിലെ 8 മണിയോടെയാണ് ബോംബും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോറെയിൽ വെടിവയ്പ്് നടക്കുകയാണ്. ശനിയാഴ്ച 3 മണിപ്പുർ കമാൻഡോകൾക്ക് ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കുക്കി ഭൂരിപക്ഷ പ്രദേശമായ മോറെയിൽ മെയ്തെയ് കമാൻഡോകളെ വിന്യസിച്ചതിനെതിരെ കുക്കി വിഭാഗക്കാർ പ്രതിഷേധത്തിലാണ്.
പുതുവർഷദിനത്തിൽ തൗബാലിലെ ലിലോങ്ങിൽ 4 മെയ്തെയ് മുസ്ലിംകളെ (പംഗൽ) തീവ്ര മെയ്തെയ് സംഘടനയുടെ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. നിരോധിത മെയ്തെയ് ഭീകരസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്) ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മോറെയിലെ ആക്രമണം ഉണ്ടായത്.
ലഹരിക്കടത്തുകാരനായ മുഹമ്മദ് ഹസൻ എന്നയാളെ പിടികൂടാനാണ് സംഘടനയുടെ പ്രവർത്തകർ എത്തിയതെന്നും നാട്ടുകാർ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് ആർപിഎഫ് വിശദീകരണം. പൊലീസ് യൂണിഫോമിൽ യന്ത്രത്തോക്കുകളുമായി എത്തിയവർ മുഹമ്മദ് ഹസന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.