ബെഞ്ചിൽ ഒരു ‘ബാർ’: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ തെളിവായി 2 കുപ്പി വിസ്കി!
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ കൊടും തണുപ്പിലും വാദം കേട്ടിരുന്ന ജഡ്ജിമാരെ അമ്പരപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ വിസ്കിക്കുപ്പികൾ! 2 മദ്യക്കമ്പനികൾ തമ്മിലുള്ള ട്രേഡ്മാർക്ക് കേസിലാണ് സീനിയർ അഭിഭാഷകൻ മുകുൾ റോഹത്ഗി തെളിവായി ഇതു ഹാജരാക്കിയത്.
കോടതിയുടെ അനുമതിയോടെ റോഹത്ഗി അഭിഭാഷകമേശയിൽ 2 കുപ്പി വിസ്കി എടുത്തുവച്ചപ്പോൾ ജഡ്ജിമാർക്കു ചിരിയടക്കാനായില്ല.
ചീഫ് ജസ്റ്റിസ്: ‘താങ്കൾ കുപ്പികളും കൊണ്ടാണോ നടക്കുന്നത്?’
റോഹത്ഗി: ‘കുപ്പികൾ തമ്മിലുള്ള സാമ്യം കാണിക്കാൻ വേണ്ടിയാണ്.’
ചീഫ് ജസ്റ്റിസ്: ‘ബോംബെ ഹൈക്കോടതിയിലായിരിക്കെ ഇങ്ങനെയൊരു കേസിൽ വിധിപറഞ്ഞിട്ടുണ്ട്.’
വാദത്തിനു ശേഷം റോഹത്ഗി: ‘കുപ്പികൾ തിരിച്ചെടുത്തോട്ടെ?’
ചീഫ് ജസ്റ്റിസ്: ‘എടുത്താലും’
∙ കേസ് ഇങ്ങനെ: ഇൻഡോറിലെ ജെകെ എന്റർപ്രൈസസ് ‘ലണ്ടൻ പ്രൈഡ്’ എന്ന പേരിൽ വിസ്കി ഉൽപാദിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പെർനോഡ് റിക്കാർഡ്സ് എന്ന കമ്പനി നൽകിയ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.
തങ്ങളുടെ ബ്രാൻഡുകളായ ‘ബ്ലെൻഡേഴ്സ് പ്രൈഡി’ന്റെ പേരിനോടും ‘ഇംപീരിയൽ ബ്ലൂ’വിന്റെ കുപ്പിയോടുമുള്ള സാമ്യമാണ് പെർനോഡ് റിക്കാർഡ്സ് ഉന്നയിച്ചത്. എന്നാൽ, 2 കമ്പനികളുടെയും വിലകൂടിയ മദ്യം ഉപയോഗിക്കുന്നതു വ്യത്യാസം തിരിച്ചറിയാൻ കഴിയുന്നവരാണെന്നു ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതി ഹർജി തള്ളി. സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
(*കോടതിയിൽ ജഡ്ജിമാർ ഇരിക്കുന്ന സ്ഥലത്തെ ‘ബെഞ്ച്’ എന്നും അഭിഭാഷകർ ഇരിക്കുന്ന സ്ഥലത്തെ ‘ബാർ’ എന്നുമാണു വിളിക്കുക. കോടതിമുറിയിൽ ജഡ്ജിമാരിൽനിന്ന് മറ്റുള്ളവരെ വേർതിരിക്കുന്നത് എന്ന അർഥത്തിലാണ് ‘ബാർ’ രൂപപ്പെട്ടത്. ചുരുക്കത്തിൽ കോടതിഭാഷയിൽ ബെഞ്ച് എന്നാൽ ജഡ്ജിമാർ എന്നും ബാർ എന്നാൽ അഭിഭാഷകർ എന്നും കണക്കാക്കപ്പെടുന്നു.)