അസമിൽ ന്യായ് യാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധം; തടയാനെത്തിയവരെ ബസിൽ നിന്നിറങ്ങി നേരിട്ട് രാഹുൽ
Mail This Article
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിനു വഴിവച്ചു. തന്നെ തടയാനെത്തിയ ബിജെപി പ്രവർത്തകർക്കരികിലേക്കു ബസിൽ നിന്നിറങ്ങി രാഹുൽ ചെന്നതു സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത്പുർ ജില്ലയിലെ ജമുഗുരിഹാട്ടിലായിരുന്നു സംഭവം.
ബിജെപി പ്രവർത്തകർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ, സംഘർഷം മുറുകുന്നത് ബസിലിരുന്നു കണ്ട രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോടു നിർദേശിച്ചു. പുറത്തിറങ്ങിയ അദ്ദേഹം ബിജെപി പ്രവർത്തകർക്കരികിലേക്കു നടന്നു. കുതിച്ചെത്തിയ സുരക്ഷാ സേനാംഗങ്ങൾ അദ്ദേഹത്തിനു വലയം തീർത്തു.
പ്രവർത്തകരോടു വഴിയിൽനിന്നു സംസാരിച്ച രാഹുലിനെ സുരക്ഷാസംഘം നിർബന്ധിപ്പിച്ച് ബസിലേക്കു തിരികെ കയറ്റി. താൻ ബസിൽ നിന്നിറങ്ങിയപ്പോഴേക്കും ബിജെപിക്കാർ ഓടിപ്പോയെന്നും കോൺഗ്രസിന് ആരെയും ഭയമില്ലെന്നും രാഹുൽ പിന്നീടു പറഞ്ഞു.
സംഘർഷത്തിനിടെ അസം പിസിസി പ്രസിഡന്റ് ഭൂപേഷ് കുമാർ ബോറയുടെ മൂക്കിനു പരുക്കേറ്റു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സഞ്ചരിച്ച കാറിനു നേരെയും ആക്രമണമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപിക്കാർ തന്റെ വാഹനത്തിനു നേരെ വെള്ളക്കുപ്പികളെറിഞ്ഞെന്നും യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറിയെന്നും ജയറാം പറഞ്ഞു.
ഇതിനിടെ, അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കുന്നത് രാഹുൽ ഗാന്ധി മാറ്റിവയ്ക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ആവശ്യപ്പെട്ടു.
വൈഷ്ണവ സന്യാസിയും അസമിലെ സാമൂഹിക പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണു നഗാവിലെ ബട്ടദ്രവ സത്രം. അനാവശ്യ മത്സരം ഉണ്ടാക്കരുതെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞാൽ രാഹുലിനു സത്രം സന്ദർശിക്കാമെന്നും ഹിമന്ത പറഞ്ഞു.
രാഹുലിന്റെ സന്ദർശനം മൂന്നുമണിക്കു ശേഷമാക്കണമെന്നു സത്രം അധികൃതരും ആവശ്യപ്പെട്ടു.