മുഖ്യമന്ത്രി അറസ്റ്റിലായെന്ന് കേൾപ്പിക്കാതെ സോറൻ
Mail This Article
ന്യൂഡൽഹി ∙ഭരണഘടനാപരമായി, രാഷ്ട്രപതിക്കും ഗവർണർക്കും നിയമനടപടികളിൽനിന്നുള്ള പരിരക്ഷയുണ്ട്. മുഖ്യമന്ത്രിക്ക് അങ്ങനെയൊന്ന് അവകാശപ്പെടാനാവില്ല. എങ്കിലും, മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ട് ഒഴിവാക്കാൻ രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചിട്ടും വിജയിച്ചിട്ടുമുണ്ട്. അറസ്റ്റിനു മുൻപ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഹേമന്ദ് സോറനും ആ പട്ടികയിൽ ഇടംപിടിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ ആയശേഷമാണ് സോറൻ രാജിക്കത്തുമായി രാജ്ഭവനിലേക്കു പോയത്. കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോടു ഗവർണർ ആവശ്യപ്പെട്ടോയെന്നു വ്യക്തമല്ല. രാജിക്കത്തു നൽകിയതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. കാവൽ മുഖ്യമന്ത്രിയാണോ അറസ്റ്റിലായതെന്ന് ഗവർണറുടെ തീരുമാനത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നാലേ വ്യക്തമാകൂ.
ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദിനെതിരെ കാലിത്തീറ്റ കുംഭകോണക്കേസിൽ സിബിഐ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ലാലു രാജി വച്ചു. ഭാര്യ റാബ്റി ദേവി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമാണ് ലാലു കോടതിയിൽ കീഴടങ്ങിയത്. ലാലുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി, കൂട്ടുപ്രതികളിലൊരാളായ റാബ്റി ദേവിക്കു ജാമ്യം അനുവദിക്കുകയും ചെയ്തു.
2011ൽ ബി.എസ്. യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു രണ്ടര മാസത്തിനുശേഷമാണ് അഴിമതിക്കേസിൽ അറസ്റ്റ് ഒഴിവാക്കി ലോകായുക്ത കോടതിയിൽ കീഴടങ്ങിയത്. ജാർഖണ്ഡിലെ മധു ഖോഡ, ടിഡിപി നേതാവ് എൻ.ചന്ദ്രബാബു നായിഡു, ജയലളിത, എം.കരുണാനിധി, പഞ്ചാബിലെ ലക്ഷ്മൺ സിങ് ഗിൽ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് അഴിമതിക്കേസുകളിൽ അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക.