ഡൽഹിയിൽ വരും, കോൺഗ്രസ്– ആംആദ്മി സഖ്യം
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് – ആം ആദ്മി പാർട്ടി തർക്കത്തിൽ മഞ്ഞുരുകുന്നു. ഡൽഹിയിലെ 7 സീറ്റുകളിലും മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് ആം ആദ്മി പാർട്ടി പിന്മാറും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളും തമ്മിൽ ഇന്നലെ ഡൽഹിയിൽ ചർച്ച നടത്തി. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയുടെ വസതിയിലായിരുന്നു ചർച്ച.
പഞ്ചാബിൽ വെവ്വേറെ മത്സരിക്കാൻ ആം ആദ്മി പാർട്ടിയും കോൺഗ്രസും തീരുമാനിച്ചിരുന്നു. ഇരു പാർട്ടികളും ഒന്നിച്ചു മത്സരിച്ചാൽ പ്രതിപക്ഷ വോട്ടുകൾ ബിജെപിക്കു ലഭിച്ചേക്കുമെന്നതിനാലാണ് ഇങ്ങനെ തീരുമാനിച്ചത്. എന്നാൽ, ഡൽഹിയിൽ പരസ്പരം മത്സരിക്കുന്നതും ബിജെപിക്കു നേട്ടമാകുമെന്ന നിഗമനമാണ് ചർച്ചയിലുണ്ടായത്.
ചർച്ചകൾ ആശാവഹമായിരുന്നുവെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മന്ത്രി അതിഷിയും പങ്കെടുത്തിരുന്നു. ഹരിയാനയിലും ഇരു പാർട്ടികളും ഒരുമിച്ചു മത്സരിച്ചേക്കും. കേജ്‌രിവാൾ ഇന്ത്യ മുന്നണിക്കൊപ്പം തന്നെയുണ്ടെന്ന് ഖർഗെ പിന്നീടു പറഞ്ഞു. ‘അദ്ദേഹം ഒപ്പമിരിക്കുന്നുണ്ട്. ഒപ്പം തന്നെയിരിക്കും’.
ഡൽഹിയിലെ 7 സീറ്റുകളിൽ മൂന്നെണ്ണമാണു കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ, ഒരെണ്ണം മാത്രമേ കോൺഗ്രസിനു നൽകൂവെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതാണ് മുന്നണിയെ പ്രതിസന്ധിയിലാക്കിയത്.