ഹിമാചലിൽ അട്ടിമറി; കോൺഗ്രസ് സർക്കാരിന്റെ നില അപകടത്തിൽ
Mail This Article
ന്യൂഡൽഹി ∙ കൂറുമാറ്റത്തിലൂടെ ബിജെപി രാജ്യസഭാ സ്ഥാനാർഥി വിജയിച്ച ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ് തന്നെ അപകടത്തിൽ. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെ, കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോൽവി നേരിട്ടു. ഇരു സ്ഥാനാർഥികൾക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്.
കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരെ പൊലീസിന്റെ സഹായത്തോടെ ബിജെപി ഹരിയാനയിലെ പഞ്ച്കുവയിലേക്കു തട്ടിക്കൊണ്ടു പോയതായി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആരോപിച്ചു. രാത്രി 8 മണിയോടെ ഇവർ പഞ്ച്‌കുവയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഹിമാചൽ സർക്കാരിനെ രക്ഷിക്കാനുള്ള ദൗത്യവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് ഷിംലയിൽ എത്തും. ഉത്തരേന്ത്യയിൽ കോൺഗ്രസിനു ഭരണമുള്ള ഏക സംസ്ഥാനമാണു ഹിമാചൽ. സർക്കാരിനെതിരെ വരുംദിവസങ്ങളിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. 68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേർ വീതമായി.
യുപിയിൽ 7 എസ്പി അംഗങ്ങൾ കൂറുമാറി
ന്യൂഡൽഹി ∙ യുപിയിലെ 10 സീറ്റിൽ ബിജെപി 8 എണ്ണം നേടി. സമാജ് വാദി പാർട്ടിക്ക് 2 സീറ്റ്. പത്താം സീറ്റിൽ ബിജെപിയും എസ്പിയും തർക്കമുന്നയിച്ചതോടെ പലതവണ നിർത്തിവച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ്പിയുടെ ആലോക് രഞ്ജനും ബി ജെ പി യുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തിൽ എസ്പിയുടെ 7 എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി വിജയമുറപ്പിച്ചു.
വ്യാപക കൂറുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ എസ്പിയുടെ ചീഫ് വിപ്പ് മനോജ് കുമാർ പാണ്ഡേ പദവി രാജിവച്ചു. എസ്പി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം എംഎൽഎമാരുമായി നടത്തിയ ചർച്ചയിൽ പാണ്ഡെ പങ്കെടുത്തിരുന്നില്ല. ഒരു ബിഎസ്പി അംഗവും ബിജെപിക്കു വോട്ട് ചെയ്തു. എസ്പി ടിക്കറ്റിൽ ജയിച്ചവരിലൊരാൾ നടി ജയ ബച്ചനാണ്.
കർണാടകയിൽ ബിജെപി വോട്ട് കോൺഗ്രസിന്
ബെംഗളൂരു ∙ കർണാടകയിലെ 4 രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസ് മൂന്നും ബിജെപി ഒന്നും വീതം നേടി. ഒരു ബിജെപി എംഎൽഎ കൂറുമാറി കോൺഗ്രസിന് വോട്ടു ചെയ്തപ്പോൾ മറ്റൊരു ബിജെപി എംഎൽഎ വിട്ടുനിന്നു. ഇതോടെ എൻഡിഎയുടെ അട്ടിമറിനീക്കവും വിഫലമായി. മുതിർന്ന നേതാവ് അജയ് മാക്കൻ ഉൾപ്പെടെ കോൺഗ്രസ് പക്ഷത്തു ജയിച്ചു.