ഇന്റൽ ഇന്ത്യ മുൻ മേധാവി സൈക്കിൾ സവാരിക്കിടെ കാറിടിച്ചു മരിച്ചു
Mail This Article
മുംബൈ ∙ ചിപ് നിർമാതാക്കളായ ഇന്റലിന്റെ ഇന്ത്യയിലെ മുൻ മേധാവി അവതാർ സൈനി (68) സൈക്കിൾ സവാരിക്കിടെ കാറിടിച്ചു മരിച്ചു. ബുധനാഴ്ച പുലർച്ചെ നവിമുംബൈ നെരൂൾ പാം ബീച്ച് റോഡിൽ സുഹൃത്തുക്കൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ, പിന്നിൽ നിന്നു വന്ന കാറിടിച്ച് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈക്കിൾ വലിച്ചിഴച്ച് ഒരു കിലോമീറ്ററോളം മുന്നോട്ടു നീങ്ങിയ കാർ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 10 വർഷമായി സൈനി സൈക്കിൾ സവാരി സംഘത്തിലെ സജീവ അംഗമാണ്.
ഇന്റൽ പെന്റിയം പ്രോസസറിന്റെ രൂപകൽപനയിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം, ഇന്റൽ 386, ഇന്റൽ 486 മൈക്രോപ്രോസസറുകളുടെ നിർമാണത്തിലും നിർണായക സംഭാവനകൾ നൽകി. മൈക്രോപ്രോസസർ രൂപകൽപനയുമായി ബന്ധപ്പെട്ടു വിവിധ പേറ്റന്റുകളുടെ ഉടമയുമാണ്. 1982ൽ പ്രോഡക്ട് എൻജിനീയറായി ഇന്റലിൽ ചേർന്ന് ദക്ഷിണേഷ്യ ഡയക്ടറായ സൈനി 2004ൽ വൈസ് പ്രസിഡന്റായിരിക്കെയാണ് വിരമിച്ചത്. ഇന്റലിന്റെ ഗവേഷണ–വികസന വിഭാഗം (ആർ ആൻഡ് ഡി സെന്റർ) ഇന്ത്യയിൽ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു. ഭാര്യയുടെ മരണത്തെത്തുടർന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകനും മകളും യുഎസിലാണ്.