ADVERTISEMENT

ബെംഗളൂരു ∙ ജനവാസ കേന്ദ്രങ്ങളിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തെ ചെറുക്കാൻ കേരളവും കർണാടകയും ചേർന്നു സംസ്ഥാനാന്തര കരാർ ഒപ്പുവച്ചു. തമിഴ്നാട് പിന്നീടു കരാറിന്റെ ഭാഗമാകും. മനുഷ്യ–മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുന്നത് ഉൾപ്പെടെ 4 നിർദേശങ്ങളാണു കരാറിലുള്ളത്. മൂന്നു സംസ്ഥാനങ്ങൾ ചേർന്നുള്ള ഏകോപന സമിതിയും രൂപീകരിക്കും.

കർണാടകയിലെ ബന്ദിപ്പൂരിൽ ചേർന്ന യോഗത്തിൽ കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ തുടങ്ങിയവർ പങ്കെടുത്തു. തമിഴ്നാട് വനം മന്ത്രി എം.മതിവേന്ദനു പകരം മുതുമലയിലെ മുതിർന്ന വനം ഉദ്യോഗസ്ഥരാണു പങ്കെടുത്തത്.

1970 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കേരളത്തിലെയും കർണാടകയിലെയും വനംമന്ത്രിമാർ ആവശ്യപ്പെട്ടു. ജനവാസ മേഖലയിൽ കാട്ടാനകൾ പ്രവേശിക്കുന്നതു തടയാനുള്ള റെയിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ കേന്ദ്രം ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്നും മന്ത്രിമാർ പറഞ്ഞു.

ബന്ദിപ്പൂർ, നാഗർഹോളെ, മുതുമല, വയനാട് എന്നീ സങ്കേതങ്ങൾ അതിർത്തി പങ്കിടുന്ന 3 സംസ്ഥാനങ്ങളിലും വന്യജീവികളെ കൊണ്ടു ജനം പൊറുതിമുട്ടുന്ന സാഹചര്യത്തിലാണു യോഗം വിളിച്ചത്.

കരാറിലെ 4 ധാരണകൾ

∙വന്യമൃഗശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക.

∙മനുഷ്യ–മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക

∙പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക.

∙നടപടി എടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക.

ഏകോപനത്തിന് നോഡൽ ഓഫിസർ

ബെംഗളൂരു ∙ ഒരു നോഡൽ ഓഫിസർക്കു കീഴിലാണു സംസ്ഥാനാന്തര ഏകോപന സമിതി പ്രവർത്തിക്കുക. അസിസ്റ്റന്റ് നോഡൽ ഓഫിസർമാർ, സംസ്ഥാനതല പ്രതിനിധികൾ ഉൾപ്പെട്ട ഉപദേശക സമിതി, പ്രശ്ന മേഖലയിൽ ഇടപെടാൻ വർക്കിങ് ഗ്രൂപ്പ് എന്നിവയുമുണ്ടാകും. വിദഗ്ധ സേവനം ഉറപ്പാക്കൽ, വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയും ഏകോപന സമിതിയുടെ പരിധിയിൽ വരും.

English Summary:

Decisions of Forest Ministers meet on Wild Animal Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com