പൗരത്വനിയമ ചട്ടങ്ങൾക്ക് സ്റ്റേ ഇല്ല; പൗരത്വ അപേക്ഷകളിൽ നടപടിക്കുള്ള സൗകര്യങ്ങൾ പോലുമായിട്ടില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾ നടപ്പാക്കാനുള്ള ചട്ടങ്ങൾ ഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. സ്റ്റേ ചെയ്യണമെന്ന അപേക്ഷകളിൽ ഏപ്രിൽ 9നു വാദം കേൾക്കും. വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച അനുവദിച്ചു.
ഉടൻ സ്റ്റേ വേണമെന്ന് കക്ഷികളിൽ ചിലർ ആവശ്യപ്പെട്ടപ്പോൾ, പൗരത്വ അപേക്ഷകളിൽ നടപടി സ്വീകരിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളോ സമിതികളോ ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾക്കെതിരെ 237 ഹർജികൾ നിലവിലുണ്ട്; കഴിഞ്ഞ 11ന് വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് 20 അപേക്ഷകളും. സ്റ്റേ ആവശ്യം എതിർത്ത് കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. വിശദമായ മറുപടി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നാലാഴ്ച ആവശ്യപ്പെട്ടു. ആരുടെയും പൗരത്വം എടുത്തുകളയുന്നതല്ല വ്യവസ്ഥകളെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനു സമയം നൽകിയാലും പരിഷ്കരിച്ച നിയമപ്രകാരമുള്ള നടപടികൾക്കു സ്റ്റേ വേണമെന്ന് കേരള സർക്കാർ, മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ, രമേശ് ചെന്നിത്തല, സിപിഎം, സിപിഐ, സമസ്ത, ടി.എൻ. പ്രതാപൻ തുടങ്ങിയ അപേക്ഷകർ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായാണ് അടിസ്ഥാന സൗകര്യങ്ങൾ തയാറായിട്ടില്ലെന്ന് ജഡ്ജിമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുമുൾപ്പെട്ട ബെഞ്ച് പറഞ്ഞത്. അപേക്ഷകർ വാദങ്ങൾ അടുത്ത മാസം രണ്ടിനകവും കേന്ദ്രം എതിർവാദങ്ങൾ എട്ടിനകവും എഴുതി നൽകണമെന്നും കോടതി വ്യക്തമാക്കി.
കേസ് വീണ്ടും പരിഗണിക്കുന്നതിനിടെ പൗരത്വം അനുവദിക്കൽ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകാനുള്ള സാധ്യത മുസ്‌ലിം ലീഗിനുവേണ്ടി കപിൽ സിബലും ഹാരിസ് ബീരാനും ഉന്നയിച്ചു. അങ്ങനെയുണ്ടായാൽ കോടതിയെ സമീപിക്കാമെന്നു ബെഞ്ച് സൂചിപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്ക്കുവേണ്ടി ഇന്ദിര ജയ്സിങ്ങും ഹാജരായി. നടപടികൾ കാണാൻ മുസ്‍ലിം ലീഗ് നേതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുൽ വഹാബ് എംപി തുടങ്ങിയവർ കോടതിയിലുണ്ടായിരുന്നു.