ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികളിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തു കേജ്‌രിവാൾ നൽകിയ ഹർജിയിലും ഇടക്കാലാശ്വാസം ആവശ്യപ്പെട്ടുള്ള ഉപഹർജിയിലും വാദം കേട്ട ജസ്റ്റിസ് സ്വർണ കാന്ത ശർമ ഇ.ഡിക്കു നോട്ടിസ് അയച്ചു. ഏപ്രിൽ രണ്ടിനകം മറുപടി നൽകാൻ നിർദേശിച്ച കോടതി വിഷയം ഏപ്രിൽ മൂന്നിലേക്കു മാറ്റി. ഹർജിയിൽ അന്ന് അന്തിമതീർപ്പുണ്ടാകുമെന്നും അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ കേജ്‌രിവാളിന്റെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്നുച്ചയ്ക്കു 2നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഹർജിയുടെ പകർപ്പു നൽകിയില്ലെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു വാദിച്ചു. 23നു നൽകിയ ഹർജിയുടെ പകർപ്പ് കഴിഞ്ഞ ദിവസമാണു ലഭിച്ചതെന്ന് പറഞ്ഞു. കേജ്‌രിവാളിനു വേണ്ടി ഒന്നിലേറെ അഭിഭാഷകർ ഹാജരാകുന്നതിനെയും അദ്ദേഹം എതിർത്തു.

കേജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി രൂക്ഷവിമർശനമാണ് ഇ.ഡിയ്ക്കെതിരെ ഉയർത്തിയത്. ‘കേജ്‌രിവാളിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. കേസിൽ കുടുക്കാൻ പാളയത്തിലുള്ളവരെ തന്നെ ഒറ്റുകാരാക്കി. അവരുടെ മൊഴികൾ വിശ്വാസയോഗ്യമല്ല. നിയമവിരുദ്ധമായ അറസ്റ്റ് ആണെങ്കിൽ‌ ഒരു ദിവസം പോലും തടവിൽ കഴിയുന്നത് ന്യായീകരിക്കാനാകില്ല. -സിങ്‌വി വാദിച്ചു.

English Summary:

No bail for Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com