ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന് മടങ്ങിയെത്താനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ശ്രമത്തിനു വീണ്ടും തിരിച്ചടി. മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജ്‌രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. 

ഹർജിയിൽ നോട്ടിസ് അയച്ച കോടതി, 29നു പരിഗണിക്കാനായി മാറ്റി. അതേസമയം, തിഹാർ ജയിലിൽ കഴിയുന്ന കേജ്‍രിവാളിന്റെ റിമാൻഡ് കാലാവധി റൗസ് അവന്യു കോടതി 23 വരെ നീട്ടുകയും ചെയ്തു. ഫലത്തിൽ, 19 നും 26നുമായി നടക്കുന്ന ആദ്യ 2 ഘട്ട തിരഞ്ഞെടുപ്പിന്റെയും പ്രചാരണവേദിയിൽ കേജ്‌രിവാളിന്റെ അസാന്നിധ്യം തുടരും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം 24ന് വൈകിട്ട് അവസാനിക്കും. മേയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. 

കേജ്‍രിവാളിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മറുപടിക്കായി നോട്ടിസ് അയച്ച ശേഷമാണ് 29 ലേക്കു മാറ്റിയത്. 19നു പരിഗണിക്കണമെന്നു കേജ്‍രിവാളിനു വേണ്ടി അഭിഷേക് മനു സിങ്‍വി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കേസുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ബോധ്യപ്പെടുത്താനുണ്ടെന്നും അതു കോടതിയെ ഞെട്ടിക്കുന്നതാകുമെന്നും സിങ്‍വി പറഞ്ഞു.

ഇതിനെ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ഹർജി നേരത്തേ പരിഗണിക്കണമെന്ന വാദം കോടതിയും അംഗീകരിച്ചില്ല. റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ വെർച്വലായാണ് കേജ്‍രിവാളിനെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്.

കവിതയുടെ ജാമ്യഹർജിയിൽ സിബിഐക്ക് നോട്ടിസ്

ന്യൂഡൽഹി ∙ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ ചുമത്തിയ കേസിൽ ജാമ്യം തേടി ബിആർഎസ് നേതാവ് കെ.കവിത നൽകിയ ഹർജിയിൽ റൗസ് അവന്യു കോടതി സിബിഐക്ക് നോട്ടിസ് അയച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന കവിത, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇടക്കാല ജാമ്യം തേടിയത്. സ്ഥിര ജാമ്യം തേടിയുള്ള ഹർജിയിലും നോട്ടിസയച്ചു. 22നു വീണ്ടും പരിഗണിക്കും.

സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ന്യൂഡൽഹി ∙ ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും മാറ്റിവച്ചു. സിസോദിയയോടു കാട്ടുന്നത് അനീതിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിവേക് ജെയിൻ ചൂണ്ടിക്കാട്ടി. ഒരു വർഷത്തോളമായി ജയിലിൽ തുടരുന്ന സിസോദിയയുടെ ജാമ്യാപേക്ഷ 4–ാം തവണയാണ് കോടതി മാറ്റിയത്. ഹർജി 20നു പരിഗണിക്കുമെന്ന് ജഡ്ജി കാവേരി ബവേജ വ്യക്തമാക്കി. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി, സിബിഐ കേസുകൾ നേരിടുന്ന സിസോദിയ 2023 ഫെബ്രുവരി മുതൽ ജയിലിലാണ്.

English Summary:

No urgent consideration on Arvind Kejriwal's plea against arrest in Delhi liquor policy scam case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com