ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിൽ ഇക്കുറി മോദി തരംഗമുണ്ടാകില്ലെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം ബിജെപിക്കു ശക്തമായ വെല്ലുവിളിയുയർത്തുമെന്നും കോൺഗ്രസിന്റെ വിലയിരുത്തൽ. ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റിലാണ് മത്സരിക്കുന്നതെങ്കിലും ഹിന്ദി മേഖലയിൽ ഇക്കുറി കടപുഴകി വീഴില്ലെന്ന പ്രതീക്ഷയിലാണ് പാർട്ടി ദേശീയ നേതൃത്വം. ബിജെപിയെ മലർത്തിയടിക്കാമെന്ന അമിത ആത്മവിശ്വാസമില്ലെങ്കിലും പല സംസ്ഥാനങ്ങളിലും സീറ്റെണ്ണം മെച്ചപ്പെടുത്തി മോദിക്കും കൂട്ടർക്കും വെല്ലുവിളിയുയർത്താമെന്നാണു കണക്കുകൂട്ടൽ.

കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ഗോവ എന്നിവയുൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 56 സീറ്റ് ലക്ഷ്യമിടുന്ന കോൺഗ്രസ്, ഉത്തര, മധ്യ ഇന്ത്യയിൽ നിന്നുള്ള സീറ്റുകൾ കൂടി ചേർത്ത് 100 കടക്കാനുള്ള ശ്രമത്തിലാണ്. 

പ്രതീക്ഷ രാജസ്ഥാനിൽ

ഹിന്ദി മേഖലയിൽ ഇക്കുറി രാജസ്ഥാനിലാണ് ഏറ്റവും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് 10 സീറ്റിൽ പാർട്ടി പ്രതീക്ഷ വയ്ക്കുന്നു. ഹരിയാന: 5 – 7, ഛത്തീസ്ഗഡ്: 4 – 5, മധ്യപ്രദേശ് 6 – 7, മഹാരാഷ്ട്ര: 9, ബിഹാർ: 5, ഹിമാചൽ: 1, ജമ്മു: 1 എന്നിങ്ങനെയാണ് ജയസാധ്യതയുള്ള സീറ്റുകൾ സംബന്ധിച്ച് കോൺഗ്രസ് ദേശീയനേതൃത്വം പങ്കുവയ്ക്കുന്ന കണക്ക്. മഹാരാഷ്ട്രയിൽ 25 സീറ്റ് വരെയും ബിഹാറിൽ 20 – 22 വരെയും ഇന്ത്യാസഖ്യം നേടാനുള്ള സാധ്യതയും കോൺഗ്രസ് ദേശീയനേതൃത്വം കാണുന്നു.

പ്രതിപക്ഷനിര പരമാവധി സീറ്റുകളിൽ പൊതുസ്ഥാനാർഥിയെ നിർത്തുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുമെന്നും അതു വിജയസാധ്യത വർധിപ്പിക്കുമെന്നുമാണു സഖ്യത്തിന്റെ പ്രതീക്ഷ. യുപിയുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അന്തിമ വിലയിരുത്തൽ നടത്തിയിട്ടില്ല. അവിടെ മായാവതിയുടെ ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുന്നത് ഇന്ത്യാസഖ്യത്തിനു മാത്രമല്ല ബിജെപിക്കും ചില സീറ്റുകളിൽ ദോഷം ചെയ്യുമെന്നു കോൺഗ്രസ് വിലയിരുത്തുന്നു. 

അസാധ്യമെന്ന്  ഒരുവിഭാഗം 

ഹിന്ദി മേഖലയിൽ ദേശീയനേതൃത്വം ഉന്നമിടുന്ന ലക്ഷ്യം ഏറക്കുറെ അസാധ്യമാണെന്ന് കോൺഗ്രസിൽ ഒരുവിഭാഗം പറയുന്നു. ഹൈക്കമാൻഡ് കുറിച്ചിരിക്കുന്ന ലക്ഷ്യം നേടിയാൽ ദേശീയതലത്തിൽ കോൺഗ്രസിനു 100 കടക്കാമെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ദുഷ്കരമാണെന്നാണ് ഇവരുടെ വാദം. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മുന്നേറ്റം എളുപ്പമല്ല. അടുത്തിടെ ഭരണം നഷ്ടപ്പെട്ട ഛത്തീസ്ഗഡിലും വെല്ലുവിളിയേറെ.

കോൺഗ്രസ്: ഹിമാചലിൽ നേതാവ് തിരിച്ചെത്തി; പഞ്ചാബിൽ 2 പേർ പോയി

ന്യൂഡൽഹി ∙ പഞ്ചാബിൽ ജോഡോ യാത്രയ്ക്കിടെ അന്തരിച്ച കോൺഗ്രസ് എംപി സന്തോഖ് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗർ ബിജെപിയിൽ ചേർന്നു. 2023 ജനുവരിയിൽ സന്തോഖ് സിങ്ങിന്റെ നിര്യാണത്തിനുപിന്നാലെ ഉപതിരഞ്ഞെടുപ്പിൽ ജലന്ധറിൽ കരംജിത് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇത്തവണ ജലന്ധർ സീറ്റ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കാണ് കോൺഗ്രസ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് കരംജിത്തിന്റെ മകനും ഫില്ലോർ എംഎൽഎയുമായ വിക്രംജിത് ചൗധരിയും പാർട്ടി വിട്ടിരുന്നു.പഞ്ചാബിൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയായ തജിന്ദർ പാൽ സിങ് ബിട്ടുവും ബിജെപിയിൽ ചേർന്നു. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്നു ബിട്ടു. ജൂൺ 1ന് ആണു സംസ്ഥാനത്തു തിരഞ്ഞെടുപ്പ്.

അതിനിടെ ഒഡീഷയിൽ, ഹോക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ പ്രബോധ് ടിർകേ നിയമസഭാ സീറ്റ് കിട്ടാത്തതിനെത്തുടർന്നു കോൺഗ്രസ് വിട്ടു. തൽസാര മണ്ഡലത്തിൽ ടിർകേയെ ആദ്യഘട്ടത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ പട്ടിക വന്നപ്പോൾ ടിർകേക്കു പകരം ദേബേന്ദ്ര ബിട്ടാരിയയ്ക്കാണു സീറ്റ് നൽകിയത്. 2007ൽ ഏഷ്യാകപ്പിൽ സ്വർണമെഡൽ നേടിയ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ടിർകെ.

ഹിമാചൽ പ്രദേശിൽ മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് ഗംഗു റാം മുസഫിർ കോൺഗ്രസിൽ തിരിച്ചെത്തി. 7 തവണ എംഎൽഎ ആയിട്ടുള്ള ഗംഗു റാം 2022ൽ ആണു പാർട്ടി വിട്ടത്.

ബിഹാർ: ഏക മുസ്‌ലിം എംപി എൻഡിഎ വിട്ടു

എൻഡിഎ പക്ഷത്തുള്ള ഏക മുസ്‌ലിം എംപിയായ മെഹബൂബ് അലി കൈസർ ആർജെഡിയിൽ ചേർന്നു. ബിഹാറിലെ ഖഗാരിയ മണ്ഡലത്തിൽനിന്ന് എൽജെപി സ്ഥാനാർഥിയായി 2 തവണ ജയിച്ച മെഹബൂബ് അലി  പിളർപ്പിനെത്തുടർന്ന് പശുപതി കുമാർ പാരസ് വിഭാഗത്തിലായിരുന്നു. ഇത്തവണ ബിജെപി പാരസിനെ തഴഞ്ഞ് ചിരാഗ് പാസ്വാനെയാണ് മുന്നണിയിലെടുത്തത്. ആർജെഡി മെഹബൂബിനു സീറ്റ് നൽകുമോയെന്നു വ്യക്തമല്ല.  

English Summary:

Congress believes that there will be no Modi wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com