ADVERTISEMENT

ന്യൂഡൽഹി ∙ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ പ്രാഥമിക കണക്കുപ്രകാരം 64.54% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ വ്യത്യാസമുണ്ടാകും. ഇൗ 93 മണ്ഡലങ്ങളിലെ 2019 ലെ പോളിങ് 66.83 ശതമാനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണ് ഇന്നലെ കഴിഞ്ഞത്. ആദ്യ 2 ഘട്ടത്തിലും പോളിങ് മുൻപത്തെക്കാൾ കുറവായിരുന്നു. ഇനി 4 ഘട്ടങ്ങൾ കൂടിയുണ്ട്. വോട്ടെണ്ണൽ ജൂൺ നാലിന്.

അസം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കർണാടക, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ ഇതോടെ പോളിങ് പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ ഇന്നലെ വോട്ടു ചെയ്തു.  അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗർ മണ്ഡലത്തിൽപെട്ട അഹമ്മദാബാദിലെ ബൂത്തിലായിരുന്നു മോദിയുടെ വോട്ട്. അമ്മയില്ലാതെ ആദ്യമായാണ് വോട്ടു ചെയ്യുന്നതെന്നു മോദി പറഞ്ഞു. 

ബാരാമതിയിൽ കള്ളവോട്ട് ആരോപണം; മധ്യപ്രദേശിൽ യന്ത്രത്തിനെതിരെ പരാതി

ന്യൂഡൽഹി ∙കാര്യമായ അനിഷ്ട സംഭവങ്ങളില്ലെങ്കിലും മൂന്നാം ഘട്ട വോട്ടെടുപ്പിൽ അങ്ങിങ്ങു ചെറിയ ക്രമക്കേട് ആരോപണങ്ങളുയർന്നു. മഹാരാഷ്ട്രയിൽ പവാർ കുടുംബത്തിലെ സുപ്രിയ സുളെയും സുേനത്ര പവാറും ഏറ്റുമുട്ടുന്ന ബാരാമതിയിൽ കള്ളവോട്ടു നടന്നതായി ശരദ് പവാർ പക്ഷം എൻസിപി പരാതി ഉന്നയിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും കുറഞ്ഞ പോളിങ് ഇവിടെയാണ്– 56.07 %. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറിലെ ചില ബൂത്തുകളിൽ ബിജെപി പ്രവർത്തകർ തന്റെ ഏജന്റുമാരുടെ കയ്യിൽനിന്നു കടലാസുകൾ തട്ടിയെടുത്തതായി കോൺഗ്രസ് സ്ഥാനാർഥി സോനൽ പട്ടേൽ കുറ്റപ്പെടുത്തി.

മധ്യപ്രദേശിലെ ചാച്ചുരയിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥി ദിഗ്‍വിജയ് സിങ് ആരോപിച്ചു. 11 വോട്ടു രേഖപ്പെടുത്തിയപ്പോൾ യന്ത്രത്തിൽ 50 എണ്ണം രേഖപ്പെടുത്തിയതായി കാണിച്ചെന്നാണു പരാതി. എന്നാൽ, ഇത് അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ബംഗാളിലെ മുർഷിദാബാദിൽ വോട്ടർമാർ ബൂത്തിലെത്തുന്നത് തൃണമൂൽ കോൺഗ്രസ് തടഞ്ഞുവെന്നു സ്ഥാനാർഥിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഭാര്യ രാധാഭായ് ഖർഗെയും കർണാടകയിലെ കലബുറഗിയിൽ വോട്ടു ചെയ്തപ്പോൾ. ചിത്രം: പിടിഐ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഭാര്യ രാധാഭായ് ഖർഗെയും കർണാടകയിലെ കലബുറഗിയിൽ വോട്ടു ചെയ്തപ്പോൾ. ചിത്രം: പിടിഐ

ചൊവ്വാദോഷം: എംഎൽഎ വോട്ട് കളഞ്ഞു

കൊൽക്കത്ത ∙ ചൊവ്വാഴ്ച വീടിനു പുറത്തിറങ്ങരുതെന്നു ജ്യോതിഷികൾ ഉപദേശിച്ചതിനാൽ അസമിൽ ദിസ്പുരിലെ ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ അതുൽ ബോറ വോട്ട് ചെയ്തില്ല. ചൊവ്വാഴ്ചകളിൽ ബോറ പുറത്തു പോകാറില്ല.  

English Summary:

Less polling in Loksabha Elections 2024 third phase also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com