മടക്കയാത്ര അവസാനനിമിഷം റദ്ദാക്കി പ്രജ്വൽ; ജാഗ്രതയോടെ അന്വേഷണ സംഘം: ദുബായിലേക്ക് കടന്നെന്നും സൂചന
Mail This Article
ബെംഗളൂരു ∙ ലൈംഗിക പീഡന വിഡിയോകൾ ചോർന്നതിനെ തുടർന്ന് ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ ഇന്നു മടങ്ങിയെത്തുമെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കി. പുലർച്ചെ 12.30ന് ബെംഗളൂരുവിൽ എത്തുന്ന ലുഫ്താൻസ വിമാനത്തിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റാണു റദ്ദാക്കിയത്. ഏപ്രിൽ 26ന് ജർമനിയിലേക്കു പോയപ്പോൾ തന്നെ മടക്കയാത്രയ്ക്കെടുത്ത ടിക്കറ്റാണിത്.
പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നുതന്നെ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). എന്നാൽ, ജർമനിയിൽനിന്നു ദുബായിലേക്കു കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രജ്വലിന് എതിരെ ലൈംഗിക പീഡനത്തിനു 3 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 2 തവണ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടും കീഴടങ്ങാത്തതിനാൽ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസും പുറത്തിറക്കി.
2 മുൻ വീട്ടുജോലിക്കാരികളും മുൻ ജില്ലാ പഞ്ചായത്ത് അംഗമായ ദൾ വനിതാ നേതാവും പരാതിക്കാരിൽ ഉൾപ്പെടുന്നു. അതിനിടെ, പ്രജ്വൽ പീഡിപ്പിച്ച മൈസൂരു സ്വദേശിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ കേസിൽ ദൾ ഹാസൻ ജില്ലാ പഞ്ചായത്ത് അംഗം കീർത്തി ഹൊസൂരിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.