മരുന്നിന്റെ ഗുണനിലവാരം അറിയുക ഉപഭോക്താവിന്റെ മൗലികാവകാശം; സുപ്രീം കോടതിയുടെ സുപ്രധാന പരാമർശം
Mail This Article
ന്യൂഡൽഹി ∙ മരുന്നടക്കമുള്ള ഉൽപന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള ഉപഭോക്താവിന്റെ അവകാശം ആരോഗ്യത്തോടെയിരിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരസ്യങ്ങൾ ഏറുന്നതും അതെക്കുറിച്ചുള്ള പരാതികൾക്കു പരിഹാരമില്ലാതെ പോകുന്നതും സൂചിപ്പിച്ചുകൊണ്ടാണ് പരാമർശം.
ഉൽപാദകരും സേവനദാതാക്കളും പരസ്യം നൽകുന്നവരും പരസ്യ ഏജൻസികളും പറയുന്ന കാര്യങ്ങളിൽനിന്ന് ഉൽപന്നത്തിന്റെ യഥാർഥ ഗുണനിലവാരം വാങ്ങുന്നവർക്കു ബോധ്യപ്പെടേണ്ടതുണ്ടെന്നു കോടതി വിശദീകരിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേന്ദ്ര സർക്കാരും തമ്മിലുള്ള (പതഞ്ജലി ആയുർവേദയുമായി ബന്ധപ്പെട്ട കേസ്) കേസിലെ മറ്റു വിഷയങ്ങൾ പരിഗണിച്ചുകൊണ്ടാണ് ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ സുപ്രധാന നിരീക്ഷണം.
ഈ കാര്യങ്ങളിൽ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനു നിലവിൽ ഫലപ്രദമായ സംവിധാനം ഇല്ലെന്നു നിരീക്ഷിച്ച ബെഞ്ച് അതുവരെ നടപ്പാക്കാൻ കർശന നിർദേശങ്ങളും മുന്നോട്ടുവച്ചു:
∙ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പരസ്യം നൽകുന്നവരോ ഏജൻസിയോ സത്യവാങ്മൂലം നൽകണം. അതില്ലാതെ പരസ്യം പ്രസിദ്ധീകരിക്കാനാകില്ലെന്ന വ്യവസ്ഥയും തങ്ങളുടെ സവിശേഷാധികാരം ഉപയോഗിച്ച് കോടതി നിർദേശിച്ചു.
∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ പരാതിക്കു കാക്കാതെ നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയോടു കോടതി നിർദേശിച്ചു.
∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ കാര്യത്തിൽ അതു നൽകുന്നവർക്കും സെലിബ്രിറ്റികളടക്കം അതിനെ ശരിവയ്ക്കുന്നവർക്കും ഉത്തരവാദിത്തമുണ്ട്.
∙ ഉപഭോക്താക്കളുടെ വിശ്വാസവും അറിവില്ലായ്മയും പരിചയമില്ലായ്മയും ചൂഷണം ചെയ്യുന്നില്ലെന്നും പരസ്യം നൽകുന്നവരും ഏജൻസികളും ഉറപ്പാക്കണം.
∙ ഉപഭോക്താക്കളുടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം കേന്ദ്രതലത്തിൽ തന്നെ ഉണ്ടാകണം. കിട്ടുന്ന പരാതികൾ അതതു സംസ്ഥാന അതോറിറ്റികൾക്ക് വെറുതേ കൈമാറിയതു കൊണ്ടായില്ല. പരാതിയിൽ എന്തു സംഭവിച്ചുവെന്ന് പോലും അറിയാൻ കഴിയാത്ത സാഹചര്യം ഉപഭോക്താക്കളിൽ അത് സൃഷ്ടിക്കും.
അലോപ്പതി ചികിത്സയ്ക്കെതിരെ പതഞ്ജലി പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഐഎംഎയുടെ ഹർജി.
ഹർജിയിലെ വാദത്തിനിടെയാണ് പതഞ്ജലിക്കും സ്ഥാപകരായ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് ബെഞ്ച് കടന്നത്. ഹർജി ജൂലൈ 9നു പരിഗണിക്കാനായി മാറ്റി.
കോടതി കടുപ്പിച്ചു; ആയുഷ് പിൻവാങ്ങി
ന്യൂഡൽഹി ∙ ആയുഷ് മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യം പ്രസിദ്ധീകരിക്കുന്നതിനെതിരെ നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് ആയുഷ് മന്ത്രാലയം പിൻവലിച്ചു. പതഞ്ജലിയുമായി ബന്ധപ്പെട്ട കേസിൽ കോടതി കടുത്ത നടപടികളിലേക്കു കടന്ന സാഹചര്യത്തിലാണിത്. നിലപാട് വിശദീകരിക്കാൻ കോടതി ആയുഷ് മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ ആയുഷ് ഉൽപന്നങ്ങൾ സംബന്ധിച്ച പരസ്യം പാടില്ലെന്ന ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170–ാം വകുപ്പ് റദ്ദാക്കാതെ തന്നെ ഇതു പ്രയോഗിക്കരുതെന്ന് ആയുഷ് മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.